
അലനല്ലൂർ: ഇടമല ഇക്കോ ടൂറിസത്തിനുള്ള കാത്തിരിപ്പ് നീളുകയാണ്. പിലാച്ചോല, പൊൻപാറ, ചളവ, താണിക്കുന്ന്, കിളയപ്പാടം, പടിക്കപ്പാടം എന്നീ ജനവാസ കേന്ദ്രങ്ങളുടെ നടുവിലാണ് ഇടമല സ്ഥിതി ചെയ്യുന്നത്. അലനല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള ഇടമല, ഇക്കോ ടൂറിസമാക്കുന്നതിന് പഞ്ചായത്ത് അംഗം നൈസി ബെന്നിയുടെ നേതൃത്വത്തിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടികൾ നിലച്ചു. ഇതോടെ പ്രദേശവാസികളുടെ പതിറ്റാണ്ടുകാലങ്ങളായി കാത്തിരിപ്പ് അനിശ്ചിതമായി നീളുകയാണ്.
പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്ത് സൈലന്റ് വാലിയുടെ വനഭംഗിയിൽ ഹൃദയമായ കാഴ്ചയൊരുക്കി തലയെടുപ്പോടെ നിൽക്കുന്ന ഇടമല കാണാൻ നിരവധി പേരാണ് എത്തുന്നത്. സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തിലും മുപ്പത് ഏക്കർ വിസ്തൃതിയിലുമാണ് ഈ മല. മലയുടെ നാലുപാടുകളിൽനിന്ന് സാഹസിക മലകയറ്റം നടത്താനുള്ള പ്രത്യേകതയാണ് ഇടമലയിലേക്ക് സഞ്ചാരികളെ ആകർശിക്കാനുള്ള മുഖ്യ കാരണം.
വിശ്രമിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ ഇടമലയെ സംസ്ഥാനത്തെ മികച്ച ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ കഴിയും. മലയുടെ മുകളിൽനിന്ന് ഏത് സമയവും കാറ്റ് കൊള്ളാൻ കഴിയുന്നതും ചുറ്റുപാടുമുള്ള പച്ചപട്ട് പോലെയുള്ള പ്രദേശങ്ങളിലെ ദൂര കാഴ്ച്ച ഏവരേയും ആകർഷിക്കും. ഇടമലയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രകൃതി മനോഹരങ്ങളായ നിരവധി വെള്ളച്ചാട്ടങ്ങളും സാഹസിക യാത്രകൾ ചെയ്യുന്നുള്ള നിരവധി മലകളും ഉണ്ട്. എടത്തനാട്ടുകരകരുവാരകുണ്ട് റോഡരികിലായത് കൊണ്ട് ഏത് സഞ്ചാരിക്കും സുഗമമായി യാത്ര ചെയ്ത് എത്താനും സാധിക്കും.