g

നീണ്ട രണ്ടു മാസക്കാലത്തേക്കുള്ള വേനലവധിയിലേയ്ക്ക് പ്രവേശിയ്ക്കുകയാണ് കേരളം! സ്കൂൾ വിദ്യാർത്ഥികൾക്കെന്ന പോലെ കോളേജ് വിദ്യാർത്ഥികൾക്കും ഏപ്രിൽ - മേയ് മാസം ഔദ്യോഗികമായി അവധിയാണ്. കുറേയധികം സമയം ഉറങ്ങിയും മൊബൈലിൽ കുത്തിയും വെറുതെ ടി.വി കണ്ടും ചെലവിടേണ്ടതല്ല; നമ്മുടെ അവധിക്കാലങ്ങൾ. മറിച്ച് അവധിക്കാലം നമ്മെ കൂടുതൽ ക്രിയാശേഷിയുള്ളവരും സർഗ്ഗശേഷിയുള്ളവരുമാക്കി മാറ്റണം.

വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പുതിയൊരു അക്കാഡമിക വർഷത്തിന്റെ മുഴുവൻ ഊർജ്ജവും അവധിക്കാലത്തിലുണ്ട്. നല്ല മനസ്സോടെ പ്രവർത്തന നിരതരാകുന്നവർക്കേ, അതിൽ പങ്കുചേരാൻ സാധിക്കൂ. എന്നാൽ, ഖേദകരമെന്നു പറയട്ടെ, അവധിക്കാലം പലപ്പോഴും നമ്മുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കുമൊത്ത് ഉയരുന്നില്ല. മേൽ സൂചിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി അവധിക്കാലം പലപ്പോഴും നമ്മെ ഊർജ്ജസ്വലരാക്കുന്നതിനു പകരം അലസരാക്കുന്നുവെന്നത് ഏറെ പ്രസക്തമാണ്. അവധിക്കാലം എങ്ങനെ ആസ്വാദ്യകരമാക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തവും അനിവാര്യവുമാണ്.

അവധിക്കാലം ഏറെ വൈവിദ്ധ്യങ്ങളോടെ ആസ്വദിക്കുന്നവരാണ്

മലയാളികൾ. അവധിക്കാലം ആരംഭിക്കുന്നതോടെ കുടുംബാംഗങ്ങളെല്ലാവരും പ്രത്യേകിച്ച് കുട്ടികൾ ഇതു സംബന്ധിച്ച് ഗഹനമായ ആസൂത്രണം നടത്തും. കളികൾ, യാത്രകൾ, സിനിമകൾ, ആഘോഷങ്ങൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, കൂടിച്ചേരലുകൾ..... നീളുന്നു ആ നിര.

പരസ്പരം

സ്നേഹിക്കാം

കുടുംബത്തോടും ബന്ധുജനങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം അവധിക്കാലം ചെലവിടുന്നതിലൂടെ സ്‌നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കപ്പെടുന്നു. അതേസമയം, വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെങ്കിൽ ബന്ധങ്ങളിൽ നികത്താൻ കഴിയാത്ത വിള്ളലുകളുണ്ടാകും. മാദ്ധ്യമ പ്രവർത്തകനായ ലാൻസ്‌ മോറോയുടെ വാക്കുകളിൽ പറഞ്ഞാൽ,“അവധിക്കാലത്ത്‌, വിയോജിപ്പുകളെല്ലാം ഒരു നാടകത്തിൽ നടക്കുന്ന സംഭവങ്ങൾപോലെ അത്യന്തം വെളിവാക്കപ്പെടുന്നുണ്ട്. ഇതാണ് അവധിക്കാലത്തിന്റെ യഥാർത്ഥ അപകടം." അതുകൊണ്ട്‌, അവധിയ്ക്കു പോകുമ്പോഴും അവധിയിലായിരിക്കുമ്പോഴും അതൊരു ഹൃദ്യമായ അനുഭവമാക്കണമെന്ന് തീരുമാനിച്ചുറപ്പിക്കണം. കാരണം ഒരോരുത്തരുടേയും താത്‌പര്യങ്ങൾ വ്യത്യസ്‌തമായിരിക്കും. ആ വ്യതിരിക്തത നിലനിറുത്താനും അതിനെ പരസ്പരം ബഹുമാനിക്കാനും വിദ്യാർത്ഥികൾ പരിശീലിക്കണം.

ക്രിയാശേഷി

ഉറപ്പാക്കാം

കുടുംബാംഗങ്ങൾ തമ്മിൽ സൃഷ്ടിപരമായ സംവാദങ്ങൾ നടത്തി കുടുംബ സദസ്സുകളെ സമ്പുഷ്ടമാക്കുന്നതും കുടുംബത്തിലെ എളിയ കലാസൃഷ്ടികളെ ആസ്വാദന മികവോടെ അവതരിപ്പിക്കുന്നതും ക്രിയാശേഷി ഉറപ്പുവരുത്താനുതകുന്ന പ്രവർത്തനങ്ങളാണ്. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളെ സംബന്ധിച്ചും അവിടെ സർഗാത്മകമായി ചർച്ച ചെയ്യാം. അതോടൊപ്പം കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ ചർച്ച ചെയ്യുകയും അവശ്യം വേണ്ട വ്യായാമങ്ങൾ ഒരു ദിനചര്യയുമാക്കാം.

അറിവിന്റെ ലോകം

കീഴടക്കാം

പുസതകങ്ങളിലൂടെയും പത്രത്താളുകളിലൂടെയും അറിവിന്റെയും പൊതു വിജ്ഞാനത്തിന്റേയും ലോകത്ത് വ്യാപരിയ്ക്കാനുള്ള സാദ്ധ്യതകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം പത്രങ്ങൾ സമയമെടുത്തു വായിക്കുകയും അതതു ദിവസങ്ങളിലെ സുപ്രധാന സംഭവങ്ങൾ ഡയറിയിൽ കുറിക്കുകയും വേണം. ഇതോടൊപ്പം, മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളെയും കർത്തവ്യങ്ങളെയും സംബന്ധിച്ച് പഠിയ്ക്കാനുള്ള അവസരങ്ങളുണ്ടാകണം. പൗരബോധവും രാഷ്ട്ര ബോധവും ഒരാളുടെ അടിസ്ഥാന ചിന്തകളിൽ അഭിരമിക്കേണ്ട സാദ്ധ്യതകൾ പരിശീലിപ്പിക്കുന്നതിനുള്ള സാഹചര്യം കൂടി ഈ അവധിക്കാലങ്ങളിലുണ്ടാകണം. സാധിക്കുന്നത്രയും നോവലുകളും കഥകളും കവിതകളും മഹാൻമാരുടെ ജീവിത കഥകളും എന്നു വേണ്ട; വായിക്കാനിഷ്ടമുള്ള ഏതു മേഖലയും വായിക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്. ചാറ്റ് ജി.പി. ടി. പോലുള്ള നിർമ്മിത ബുദ്ധിയുടെ പുതിയ സാദ്ധ്യതകളെ പുൽകി, അറിവിന്റെ ചക്രവാളങ്ങൾ ഭേദിക്കാനുമുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്താവുന്നതുമാണ്.

സ്വപ്നങ്ങളെ

പുൽകാം

ഭാവിയെ പറ്റിയുള്ള വലിയ സ്വപ്നങ്ങൾ കാണാനും അവയെ മനനം ചെയ്യാനും കൂടിയുള്ളതാണ് അവധിക്കാലം. കാലഘട്ടം ആവശ്യപ്പെടുന്ന ജോലി മേഖലകൾ സംബന്ധിച്ചും പുത്തൻ തൊഴിലവസരങ്ങളെ സംബന്ധിച്ചും അറിയാനും മനസ്സിലാക്കാനും അവധിക്കാലങ്ങൾ ഉപകാരപ്രദമാകണം. പരമ്പരാഗതമായി പിന്തുടരുന്ന പഠന -തൊഴിൽ മേഖലകൾക്കപ്പുറത്ത്, പുതിയവ കണ്ടെത്താനും അവയെപ്പറ്റി കൂടുതൽ മനസ്സിലാക്കി അടുത്ത അദ്ധ്യായന വർഷം പ്രായോഗികതലത്തിലെത്തിക്കാനും സാധിയ്ക്കണം.

മികച്ച കരിയർ കണ്ടെത്താനും അതിനാവശ്യമായ പഠന പ്രവേശന സാദ്ധ്യതകളും സ്കോളർഷിപ്പുകളും കണ്ടെത്താനും അവയെ പുൽകാനും സാധിച്ചാൽ, അവധിക്കാലത്തിന്റെ യഥാർത്ഥ ചൈതന്യം അനാവരണം ചെയ്യപ്പെടുകയുള്ളൂ. പത്താം ക്ലാസ്സ്, പ്ലസ് ടു വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, അവരവരുടെ അഭിരുചിക്കിണങ്ങുന്ന പുതിയ പഠന സാദ്ധ്യതകളെ കണ്ടെത്താനുള്ള അവസരങ്ങൾ കൂടിയാണ്.

പരീക്ഷകളെ
കൈപ്പിടിയിലാക്കാം

പത്താം ക്ലാസ്സു കഴിഞ്ഞാൽ പിന്നീടങ്ങോട്ട് ഇഷ്ടപ്പെട്ട ജോലിയിൽ പ്രവേശിച്ച് സംതൃപ്തിയടയുന്നതു വരെ പ്രവേശന പരീക്ഷകളുടേയും മത്സര പരീക്ഷകളുടേയും അഭിരുചി പരീക്ഷകളുടേയും കാലഘട്ടമാണ്. അതുകൊണ്ട്, ഹൈസ്കൂൾ മുതലുള്ള വിദ്യാർത്ഥികളെങ്കിലും തങ്ങൾക്കിഷ്ടപ്പെട്ട മേഖലകളിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവേശന അഭിരുചി പരീക്ഷകളെ പറ്റിയും അവയുടെ നിലവാരത്തേയും സാദ്ധ്യതകളേയും പറ്റിയറിയാനും ഈ അവധിക്കാലം മാറ്റണം. അങ്ങനെ, പരീക്ഷകളെ പറ്റി അറിയാനും അവയെ കൈപ്പിടിയിലൊതുക്കാനുമുള്ള കാലഘട്ടം കൂടിയാണ് നമ്മുടെ അവധിക്കാലങ്ങൾ.

പൊതു പരീക്ഷയും സെമസ്റ്റർ പരീക്ഷയുമഭീമുഖികരിക്കുന്ന വിദ്യാർത്ഥികൾ, കഴിഞ്ഞ ഒരു വർഷക്കാലം അവർ ചെയ്ത വിദ്യാഭ്യാസ തപസ്യയുടെ പരീക്ഷാ വിഷയങ്ങൾ മനനം ചെയ്യാനും പ്രായോഗിക പരിശീലനത്തിലേർപ്പെടാനും മടിക്കരുത്. ഒപ്പം തുടർ പഠനത്തിന്റെ രാജ്യ-രാജ്യാന്തര തലത്തിലുള്ള നിലവാര സാദ്ധ്യതകളെ പറ്റിയും അറിയണം.

രക്ഷിതാക്കളും സമൂഹവും

പിന്തുണ നൽകണം

കർമ്മനിരതരായി ഊർജ്ജസ്വലരാകാനും വർദ്ധിത വീര്യത്തോടെ അവധി ദിവസങ്ങൾ ഫലസമ്പുഷ്ടമാക്കാനും വിദ്യാർത്ഥി സമൂഹം ശ്രമിക്കേണ്ടതുണ്ടെന്നതിനൊപ്പം അക്കാര്യത്തിന് വിദ്യാർത്ഥി സമൂഹത്തെ പ്രാപ്തരാക്കാൻ രക്ഷിതാക്കളും മാതാപിതാക്കളും അവരെ പരിശീലിപ്പിക്കണം. നാട്ടിലെ വായനശാലകളും കളിയിടങ്ങളും സൃഷ്ടിച്ച സാമൂഹ്യബോധമാണ്, ഇന്നത്തെ മുതിർന്ന തലമുറയുടെ മുതൽക്കൂട്ട്. വീട്ടിനകത്തെ നാല് ചുമരുകളിനുള്ളിലേയ്ക്ക് ചുരുങ്ങുന്ന ബന്ധങ്ങളുടെ മാസ്മരികലോകത്ത് ഇത്തരം കൂടിച്ചേരലുകൾക്ക് വലിയ സ്ഥാനമുണ്ട്. അതിന്റെ ഗുണങ്ങളെ സ്വാംശീകരിക്കുന്ന ഒരു പുതുതലമുറ ഇവിടെ രൂപം കൊള്ളേണ്ടത്, കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്.

(ലേഖകൻ തൃശൂർ സെന്റ് തോമസ് കോളേജ് അസി. പ്രൊഫസറാണ്)