stone-art

കൊച്ചി: അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവരുടെ മുഖങ്ങൾക്ക് വർണക്കല്ലുകൾ ചേർത്തുവച്ച് പുന‌ർജനി നൽകുകയാണ് കൊടുങ്ങല്ലൂർ എടവിലങ്ങ് നമ്പിപുന്നലത്ത് വീട്ടിൽ മുഹമ്മദ് റാഷിദ്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഉറ്റവരുടെ കല്ലറയ്ക്കുമേൽ വയ്ക്കാവുന്ന ആറടി നീളത്തിലുള്ള കല്ലുചിത്രങ്ങൾ നിർമ്മിച്ചുനൽകി സ്റ്റോൺ ആർട്ടിൽ പുതിയ വരുമാനമേഖല കണ്ടെത്തി ഈ 24കാരൻ.

അടുത്തിടെ വാഹനാപകടത്തിൽ മരിച്ച അനിയന്റെ ചിത്രം കല്ലിൽ തീർത്തുതരാമോയെന്ന ആവശ്യവുമായി സഹോദരന്റെ സുഹൃത്ത് സമീപിച്ചതാണ് ഈ രംഗത്തേക്ക് വഴിതുറന്നത്. മരണാനന്തര ചടങ്ങിനുമുമ്പേ ഉറക്കമൊഴിച്ചിരുന്ന് പൂർത്തീകരിച്ച കല്ലുചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഈ മേഖലയിലെ സാദ്ധ്യത റാഷിദ് തിരിച്ചറിഞ്ഞു.

കല്ലറയ്ക്കു മുകളിൽ വയ്ക്കാൻ പാകത്തിനുള്ള മരപ്പലകയിൽ ചിത്രംവരയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അക്വേറിയങ്ങളിലും മറ്റും വിരിക്കുന്ന വർണക്കല്ലുകളും കരിങ്കൽച്ചീളുകളും ഒട്ടിച്ചുചേർക്കും. 18 മണിക്കൂറെങ്കിലും വേണം ഒരു കല്ലുചിത്രം തീർക്കാൻ. ഇത് ഫ്രെയിം ചെയ്ത് സൂക്ഷിക്കാനുമാകും. വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും സമ്മാനമായി നൽകാവുന്ന കല്ലുചിത്രങ്ങളും ഒരുക്കാമെന്ന് റാഷിദ് പറയുന്നു.

തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബി.എഫ്.എ പൂർത്തിയാക്കിയ റാഷിദിന്റെ പ്രൊഫഷൻ പോസ്റ്റർ ഡിസൈനിംഗാണ്. ജാനേമൻ, ഡിയർ ഫ്രണ്ട്, സുലേഖ മൻസിൽ, ഓതിരകടകം എന്നീ സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയത് റാഷിദാണ്. സുഹൃത്തുമായി ചേർന്ന് സ്പെൽബോണ്ട് എന്നപേരിൽ ഡിസൈനിംഗ് കമ്പനിയുണ്ട്. സിനിമ സംവിധാനമാണ് സ്വപ്നം. സുലൈമാൻ, റംലത്ത് എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: അബ്ദുൾ ഹമീദ്, സുമ്മയ്യ.

ഡാവിഞ്ചി റോൾമോഡൽ

പ്രമുഖ ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷാണ് റാഷിദിന്റെ റോൾമോഡൽ. എടവിലങ്ങ് ഹൈസ്കൂളിൽ പഠിക്കവെ ചിത്രരചനാ ക്ലാസെടുക്കാൻ സുരേഷ് എത്തിയതു മുതൽ ഡാവിഞ്ചി സുരേഷിന്റെ ആരാധകനാണ് റാഷിദ്. ശാസ്ത്രീയമായി ചിത്രരചന പഠിക്കാതെ കഠിനാദ്ധ്വാനത്താലാണ് റാഷിദ് ഫൈൻ ആ‌ർ‌ട്സ് കോളേജിൽ സീറ്റ് നേടിയെടുത്തത്.