
കുട്ടിക്കാലം മുതലേ തുടരുന്ന ശീലങ്ങൾ മുതിർന്നാലും പതിവാക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ചിലർ നല്ല ശീലങ്ങൾ പിന്തുടരാൻ ശ്രമിക്കുമ്പോൾ മറ്റുചിലർ മോശം ശീലങ്ങളും പതിവാക്കാറുണ്ട്. കുട്ടിക്കാലത്ത് കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരാൻ രക്ഷിതാക്കൾ പശുവിന്റെയോ ആടിന്റെയോ പാല് കുടിപ്പിക്കുന്ന ശീലം വളർത്തിയെടുക്കാറുണ്ട്. എന്നാൽ സോഷ്യൽമീഡിയയിൽ വേറിട്ട ഒരു ശീലത്തെക്കുറിച്ചാണ് ചർച്ച നടക്കുന്നത്.
കാലിഫോർണിയയിലെ ലാൻകാസ്റ്റർ സ്വദേശിനിയായ മിഷേൽ എന്ന 29കാരി സ്ഥിരമായി കുടിക്കുന്ന പാനീയമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് യുവതി തന്റെ ശീലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
'താൻ കുട്ടിക്കാലം മുതലേ സ്ഥിരമായി ഒരു ഗ്ലാസ് രക്തം കുടിക്കാറുണ്ടെന്നാണ് യുവതി പറഞ്ഞത്. താൻ എല്ലാ ദിവസവും രാവിലെ പന്നിയുടെ രക്തം കുടിക്കാറുണ്ട്. കൂടാതെ ഭക്ഷണം തയ്യാറാക്കുമ്പോൾ രുചിക്കൂട്ടുന്നതിന് രക്തം കലർത്താറുണ്ട്. പുസ്തകങ്ങൾ വായിക്കുമ്പോഴും ചിത്രങ്ങൾ വരയ്ക്കുമ്പോഴും പന്നിയുടെ രക്തമാണ് കൂടുതൽ കുടിക്കാറുളളത്. നിങ്ങൾക്ക് വെളളം എത്ര പ്രധാനപ്പെട്ടതാണോ അതുപോലെയാണ് എനിക്ക് രക്തം. ചിലസമയങ്ങളിൽ കോഫി കുടിക്കുമ്പോഴും കുറച്ച് രക്തം അതിൽ കലർത്താറുണ്ട്. ഈ ശീലത്തിന് എന്തെങ്കിലും തടസം നേരിട്ടാൽ ഭയങ്കര നിരാശയും ദേഷ്യവും തോന്നാറുണ്ട്. പ്രേക്ഷകർക്ക് റെഡ് വൈൻ എത്ര ഇഷ്ടമാണോ അതുപോലെയാണ് എനിക്ക് രക്തവും'- മിഷേൽ പറഞ്ഞു.ഇതിനകം യുവതിയുടെ ശീലത്തെക്കുറിച്ച് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.