aadujeevitham

ഒരു സിനിമയ‌്ക്ക് വേണ്ടി സംവിധായകൻ 16 വർഷം പ്രവർത്തിക്കുക എന്നു പറഞ്ഞാൽ അത്ഭുതമാണ്. ബ്ളെസ്സിയുടെ ആ അത്ഭുതസാക്ഷാത്‌കാരമാണ് ഇന്ന് തിയേറ്ററിൽ കണ്ടത്. സിനിമാ ജീവിതത്തിൽ നാല് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന ഒരു സംവിധയകന്റെ ഏറ്റവും മികച്ച ചിത്രം, 17 വയസിൽ നായകനായി അരങ്ങേറി 22 വർഷമായി സൂപ്പർതാരപദവി അലങ്കരിക്കുന്ന പൃഥ്വിരാജ് എന്ന നടന്റെ ഏറ്റവും മികച്ച സിനിമ. ഈ വിശേഷണങ്ങൾ ഇനി ആടുജീവിതത്തിന് സ്വന്തമാണ്. നോവലിൽ നിന്ന് സിനിമയായി രൂപാന്തരപ്പെട്ട നജീബിന്റെ ആടുജീവിതം മലയാള സിനിമയുടെ ഗതിമാറ്റുമെന്നതിൽ സംശയമൊന്നും വേണ്ട.

2008ൽ പുറത്തിറങ്ങിയ ആടുജീവിതം നോവൽ ബെന്യാമിൻ എന്ന എഴുത്തുകാരനെ സൃഷ്‌ടിച്ചുവെങ്കിൽ 16 വർഷങ്ങൾക്കിപ്പുറം പൃഥ്വിരാജ് എന്ന നടന്റെ അഭിനയസിദ്ധി എന്താണെന്ന് പ്രേക്ഷകനെ കാണിച്ചുതരുന്ന ദൃശ്യാവിഷ്‌കാരമാണ് ആടുജീവിതം സിനിമ. കണ്ടുകൊണ്ടിരുന്നപ്പോഴും, തിയേറ്റർ വിട്ട് ഇറങ്ങിയപ്പോഴും മനസിലെ അലട്ടുന്ന ചോദ്യം പൃഥ്വിരാജിനെ കുറിച്ചാണ്. ആടുജീവിതത്തിലെ നജീബ് ആകാൻ വേണ്ടിയാണോ ഇയാൾ സിനിമാനടൻ ആയത്?

blessy

ഇന്ത്യൻ സിനിമയ‌്ക്ക് മുന്നിൽ മലയാളത്തിന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന പേരുകളിൽ ഇനി ഈ 41കാരനുമുണ്ടാകും. ചില സീനുകളിൽ അയാളുടെ മുഖത്ത് നിറയുന്ന ഭാവപ്രകടനങ്ങളും വോയിസ് മോഡുലേഷനും പ്രേക്ഷകന്റെ കണ്ണ് നിറയ‌്ക്കും, മനസുലയ‌്ക്കും. ശരിയാണ്, ബ്ളെസ്സിയുടെ മുൻകാല ചിത്രങ്ങളെല്ലാം കാഴ്‌ചക്കാരന്റെ ഉള്ളുലുച്ചവ തന്നെയാണ്. ആടുജീവിതം അതിനുമപ്പുറം നമ്മെ നജീബിലേക്ക് അടുപ്പിക്കും. മരുഭൂമിയിൽ അയാൾ അനുഭവിച്ച വേദനകളുടെയും നരകയാതനകളുടെയും കണ്ണീരിന്റെയും കഷ്‌ടപ്പാടിന്റെയും നനവ് അറിയാതെ തിയേറ്ററിൽ നിന്ന് പുറത്തിറങ്ങാൻ സിനിമാ ആസ്വാദകന് കഴിയുമെന്ന് അറിയില്ല.

കഥാപാത്രമാകാൻ പലനടന്മാരും സ്വീകരിച്ചിട്ടുള്ള പ്രയത്നങ്ങളുടെ കഥകൾ നമുക്കറിയാം. കമലഹാസനിലും വിക്രമിലും തുടങ്ങി രൺദീപ് ഹൂഡയിൽ വരെ അടുത്തിടെയത് കണ്ടു. അതുകൊണ്ടുതന്നെ പറയട്ടെ, ഇത് അതുക്കെല്ലാമപ്പുറം. ആറടിയിലധികം ഉയരമുള്ള, 100 കിലോയിലധികം ശരീരഭാരമുള്ള ഒരു നടൻ എത്രത്തോളം തന്റെ ശരീരത്തെ ചൂഷണം ചെയ‌്‌തുവെന്ന് ഒരൊറ്റ സീൻ മനസിലാക്കിത്തരും. തിയേറ്റർ അമ്പരപ്പെടുത്തിയ സീൻ എന്നുകൂടി വിശേഷിപ്പിക്കണമതിനെ.

pridwiraj-amalapaul

ആടുജീവിതത്തിന്റെ കഥ എന്താണെന്ന് മലയാളിയോട് പറയേണ്ടകാര്യമില്ല. എന്നിരുന്നാലും ഒരു നോവൽ സിനിമയായി മാറുമ്പോൾ കഥാകാരൻ കണ്ടതിനുമപ്പുറം സംവിധായകന് പറയേണ്ടിവരും. ആ സ്വാതന്ത്ര്യം ബ്ളെസ്സി ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ട്. നജീബിന്റെയും സൈനുവിന്റെ മനോഹരമായ പ്രണയം അതിന്റെ ഫലമാണ്. അമലപോൾ ഇത്രയും സുന്ദരിയായ, പ്രണയിനിയായ മറ്റൊരു ചിത്രമുണ്ടെന്ന് തോന്നുന്നില്ല.

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ നജീബിന് ശേഷം പ്രധാനകഥാപാത്രം ആരാണ് എന്ന് ചോദ്യമുണ്ടെങ്കിൽ അതിനുത്തരം മണൽത്തരികൾ എന്ന് മാത്രമായിരിക്കും. നാട്ടിലെ പുഴമണൽവാരൽ ജോലിയിൽ നിന്ന് ചൂടുള്ള മണലാരണ്യത്തിലേക്ക് അയാളെ കൊണ്ടെത്തിച്ചത് ജീവിതപ്രാരാബ്‌ദങ്ങളാണ്. എന്നാൽ നാട്ടിലെ മണൽത്തരികളിൽ നജീബ് തന്റെ സൈനുവിന്റെ സ്നേഹം രുചിച്ചിരുന്നു. വിരഹത്തിന്റെയും ദുരിതത്തിന്റെയും മുഖം മാത്രമേ മരുഭൂമിയിലെ മണൽപ്പരപ്പിൽ നജീബ് അനുഭവിച്ചിട്ടുള്ളൂ.

hakkim

പൃഥ്വിരാജിനെ കുറിച്ചുപറയുമ്പോൾ വിസ്‌മരിക്കാൻ കഴിയാത്ത രണ്ടുപേരാണ് ഹക്കിം, ആഫ്രിക്കക്കാരനായ സുഹൃത്ത് എന്നിവരുടേത്. കെ.ആർ ഗോകുലാണ് ഹക്കിമിനെ അവതരിപ്പിച്ചിട്ടുള്ളത്. 'സൂപ്പർ' എന്ന ആംഗലേയ പദംകൊണ്ട് ഗോകുലിന്റെ അഭിനയത്തെ വിശേഷിപ്പിക്കാം. ഇബ്രാഹിം ഖാദിരിയായി എത്തിയ ആഫ്രിക്കൻ വംശജനായ ജിമ്മി ജീൻ ലൂയിസും ഏൽപ്പിച്ച ജോലി മനോഹരമാക്കി. ക്രൂരനായ കഫീൽ താലിബ് അൽ ബാലുഷി, ശോഭ മോഹൻ തുടങ്ങിയവരും തങ്ങളുടെ വേഷം നന്നായി ചെയ‌്തു.

pridwi-rahman

ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകർ‌ തന്നെയാണ് ആടുജീവതത്തിനായി ഒരുമിച്ചത്. അതിൽ ആദ്യപേരുകാരൻ എ.ആർ റഹ്മാൻ എന്നാണ്. മിനുട്ടുകൾക്ക് കോടികൾ പ്രതിഫലം വാങ്ങുന്ന റഹ്മാനെ എന്തിന് ബ്ളെസ്സി മലയാളത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നതിന്റെ ഉത്തരമാണ് സിനിമയുടെ പശ്ചാത്തല സംഗീതം. സുനിൽ കെ.എസിന്റെ ക്യാമറാ അനുഭവം വാക്കുകൾക്കതീതമാണ്. റസൂൽ പൂക്കുട്ടിയുടെ ശബ്‌ദമിശ്രണം, പ്രശാന്ത് മാധവിന്റെ കലാസംവിധാനം, ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് എന്നിവ ചേർന്നപ്പോൾ പിറന്നത് ഇന്ത്യൻസിനിമയിലെ ഏറ്റവും മികച്ച ദൃശ്യാനുഭവമാണ്. എടുത്തുപറയേണ്ട മറ്റൊരു പേരുകാരൻ രഞ്ജിത്ത് അമ്പാടി ആണ്. നജീബിന്റെ വിവിധ ഭാവങ്ങളിലേക്ക് പൃഥ്വിരാജിനെ പകർത്തിയതിൽ രഞ്ജിത്തിന്റെ കരവിരുത് അഭിനന്ദനാർഹം തന്നെ.

najeeb-pridwi

നജീബ് ഒരു അടയാളപ്പെടുത്തലാണ്. അഹങ്കാരം ഒരു അലങ്കാരമായി തലയിൽ ചൂടിനടക്കുന്ന ചിലർക്കുള്ള അടയാളം. ഒരു നിമിഷം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ സകലതും തകിടം മറിയാമെന്ന പുനർചിന്തനത്തിനുള്ള അടയാളം.