
പേരുകേൾക്കുന്നതുപോലും ഭീതിപ്പെടുത്തിയിരുന്ന ഒരു പകർച്ചവ്യാധിയായിരുന്നു കൊവിഡ്. ലാേകത്താകമാനം ലക്ഷക്കണക്കിന് പേരുടെ ജീവനാണ് ചൈനക്കാരുടെ സൃഷ്ടിയായ കൊവിഡ് വിഴുങ്ങിയത്. വവ്വാൽ വഴിയായിരുന്നു ഈ രോഗം മനുഷ്യരിലെത്തിയതെന്നാണ് കരുതുന്നത്. ഇതുവരെ ചികിത്സപോലും കണ്ടുപിടിക്കാത്ത എയ്‌ഡ്‌സും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തിയതാണ്. ചിമ്പാൻസികളാണ് എയ്‌ഡ്‌സ് മനുഷ്യരിലെത്തിച്ചത്.
ഇത്തരത്തിൽ മാരക രോഗങ്ങൾ പലതും മനുഷ്യനെത്തിച്ചതിന്റെ പേരുദോഷം പേറുന്നവരാണ് മൃഗങ്ങൾ. എന്നാൽ പുതിയ പഠനം പറയുന്നത് മൃഗങ്ങൾ മനുഷ്യരിൽ രോഗങ്ങൾ എത്തിക്കുന്നതുപോലെ മാരകരോഗങ്ങൾ മനുഷ്യൻ മൃഗങ്ങളിലേക്കും എത്തിച്ചിട്ടുണ്ടെന്നാണ്. മനുഷ്യർക്ക് മൃഗങ്ങളും പക്ഷികളും നൽകുന്ന വൈറസുകളുടെ എണ്ണത്തിനൊപ്പം തന്നെയാണ് മനുഷ്യർ മൃഗങ്ങൾക്ക് നൽകുന്ന രാേഗകാരികളായ വൈറസുകളെന്നും പഠനത്തിൽ വ്യക്തമായി.
12 ദശലക്ഷം വൈറസുകളെയാണ് പഠനവിധേയമാക്കിയത്. മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന വൈറസുകളുടെ എണ്ണത്തിൽ അറുപത്തിനാലുശതമാനം വർദ്ധനവാണുണ്ടായത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിൽ മുപ്പത്തിയാറുശതമാനം വർദ്ധനയും ഉണ്ടായി. പൂച്ചകൾ, നായ്ക്കൾ, പന്നി, കുതിര, കന്നുകാലികൾ, കോഴികൾ, താറാവ് തുടങ്ങിയവയ്‌ക്കൊപ്പം വന്യമൃഗങ്ങൾക്കും മനുഷ്യൻ രോഗാണുക്കളെ നൽകുന്നുണ്ടത്രേ. മനുഷ്യനിൽ നിന്ന് മാരകരോഗാണുക്കൾ ഉൾപ്പടെ പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ വ്യക്തമായി.
ചെറിയൊരു സമ്പർക്കത്തിലൂടെ മറ്റൊരു ജീവിവർഗത്തിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്ന ഏണ്ണമറ്റ സൂക്ഷ്മാണുക്കളുടെ കൂടാരമാണ് മനുഷ്യശരീരം എന്നാണ് ഗവേഷകർ പറയുന്നത്. എങ്ങനെയാണോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗാണുക്കൾ വ്യാപിക്കുന്നത് അതേരീതിയിൽ തന്നെയാണ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും രോഗാണുക്കൾ എത്തുന്നത്.