w

സേലം: സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എം.പിയും എം.ഡി.എം.കെ നേതാവുമായ എ.ഗണേശമൂർത്തി (76) മരിച്ചു. കോ​യ​മ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എം.എൽ.എയും രണ്ടുതവണ എം.പിയുമായിട്ടുണ്ട്.

24ന് അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ​ഗണേശമൂർത്തിയെ ഐ.സി.യുവിലും പിന്നീട് വെന്റിലേറ്രറിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി ഉറക്ക ​ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതുമായി ബന്ധപ്പെട്ട വിഷമമാണ് മരണത്തിനു പിന്നിലെന്ന് കുടുംബം പറയുന്നു. ഇത്തവണ ഈറോഡ് സീറ്റിൽ 'ഇന്ത്യ" മുന്നണിയുടെ ഭാ​ഗമായ ഡി.എം.കെയാണ് മത്സരിക്കുന്നത്. എം.ഡി.എം.കെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർത്ഥി. പകരം നൽകിയ സീറ്റിലും ​ഗണേശമൂർത്തിയെ പരിഗണിച്ചിരുന്നില്ല. ഇതിൽ മനോവിഷമത്തിലായിരുന്നുവെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.