
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയിൽ എട്ട് മുതൽ പത്ത് ശതമാനം വരെ വർദ്ധനവ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏഴ് മുതൽ 34 രൂപ വരെയാണ് കൂടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
ഗോവയിൽ 34 രൂപ കൂടി പ്രതിദിന കൂലി 356 ആയി. കേരളത്തിൽ 13 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 346 രൂപയാകും. ഉത്തർപ്രദേശിലാണ് ഏറ്റവും കുറവ് തുക വർദ്ധിച്ചത്. സംസ്ഥാനത്ത് ഏഴ് രൂപയാണ് കൂടിയത്. ഇതോടെ 230 രൂപയായി. ഏറ്റവും കുറവ് കൂലി നൽകുന്ന സംസ്ഥാനങ്ങളിലൊന്ന് കൂടിയാണ് യുപി.
ബീഹാറിൽ 17 രൂപയാണ് കൂട്ടിയിരിക്കുന്നത്. തെലങ്കാന, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലും കൂലി കൂട്ടിയിട്ടുണ്ട്. അടുത്തമാസം ഒന്ന് മുതൽ പുതുക്കിയ കൂലി പ്രാബല്യത്തിൽ വരും. കണക്കുകൾ പ്രകാരം രാജ്യത്ത് പതിനാല് കോടിയിലധികം പേരാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കൂലി വർദ്ധിപ്പിച്ചത് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുമോയെന്ന രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.