തലശ്ശേരി: വളപട്ടണത്തെ വാടക ക്വാർട്ടേഴ്സിൽ ഒഡീഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ നാല് ഒഡീഷക്കാരെ ഇരട്ട ജീവപര്യന്തം തടവിനും രണ്ടേകാൽ ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല ശിക്ഷിച്ചു. 38 കാരനായ ഒഡീഷ സ്വദേശി പ്രഭാകർദാസിനെ അദ്ദേഹം താമസിക്കുന്ന കീരിയാട്ടെ വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷൻ കേസ്.
ഗണേഷ് നായക് എന്ന ഗോണിയ (32), റിൻടു എന്ന തൂഫാൻ (33), ബപ്പുണ എന്ന രാജേഷ് ബെഹറ (30), ചിന്റു എന്ന പ്രശാന്ത് സേത്തി (30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. .പിഴ അടച്ചാൽ പിഴ സംഖ്യ ഭാര്യക്കും മകൾക്കും നൽകണം. പിഴ അടച്ചില്ലെങ്കിൽ 7 മാസം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
അഞ്ചു പ്രതികളുള്ള കേസിൽ ഒരു പ്രതി ബോലിയ ബഹുറിയെ ഒളിവിലാണ്.
2018 മേയ് 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതികൾ പ്രഭാകർ ദാസിന്റെ ഭാര്യ ലക്ഷ്മി പ്രഭാദാസിന്റെ ഭീഷണിപ്പെടുത്തി സ്വർണവും 80,000 രൂപയും രണ്ട് മൊബൈൽ ഫോണും തട്ടിയെടുത്തു. അക്രമത്തിൽ ലക്ഷ്മി പ്രഭാദാസിനും പരിക്കേറ്റു. സംഭവ സമയത്ത് 11 വയസുള്ള മകളെയും വിസ്തരിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി ഗണേശ് നായിക്ക് പ്രഭാകർ ദാസിന്റെ കടയിൽ ജോലിക്കാരനായിരുന്നു. കടയിലെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷണം നടത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത് കുമാർ ഹാജരായി.