നാദാപുരം: ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് പതിനേഴര വർഷം കഠിന തടവും 75,​000 രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര സ്വദേശി അയ്യപ്പൻ ചാലിൽ സുരേഷി (53) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്. 2022 ഏപ്രിൽ 29 മുതൽ ഒരു വർഷത്തോളം പല ദിവസങ്ങളിലായി പതിനൊന്ന് വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയും മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തതായാണ് കേസ്. മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗീത എൻ.എം.രേഖ പ്പെടുത്തുകയും മേപ്പയൂർ സബ് ഇൻസ്പെക്ടർ അതുല്യ. കെ, ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ.കെ എന്നിവർ കേസന്വേഷണം പൂർത്തീകരിച്ച് കുറ്റപത്ര സമർപ്പിക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.