നാദാപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 29 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലാച്ചി പയന്തോങ്ങ് സ്വദേശിയും വ്യാപാരിയുമായ രാജീവൻ (62) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് (പോക്സോ) സ്പെഷൽ കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി 19 നാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ പയന്തോങ്ങിലുള്ള വീട്ടിൽ വെച്ച് ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. ഈ സംഭവത്തോടെ മാനസികമായി തകർന്നു പോയ പെൺകുട്ടി ഇപ്പോഴും മാനസികരോഗ വിദഗ്ദൻ്റെ ചികിത്സയിലാണ്. നാദാപുരം എസ്.ഐ.എസ്.ശ്രീജിത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഗ്രേഡ് എ.എസ്.ഐ. സുശീല കെ പി. മൊഴി രേഖപ്പെടുത്തി. പൊലീസ് ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലിയാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്ത് നിന്ന് രണ്ട് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.