കൊച്ചി: കൈക്കൂലി കേസിൽ മലപ്പുറം മുൻ പാസ്‌പോർട്ട് ഓഫീസർ പി. രാമകൃഷ്ണന് അഞ്ചുവർഷം തടവും 3.10ലക്ഷംരൂപ പിഴയും വിധിച്ച് എറണാകുളം സ്‌പെഷ്യൽ സി.ബി.ഐ കോടതി. പാസ്‌പോർട്ട് പുതുക്കി നൽകാൻ അമ്പതിനായിരംരൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിധി. മലപ്പുറം സ്വദേശിയും യുണൈറ്റഡ് നേഷൻസ് ഉദ്യോഗസ്ഥനുമായിരുന്ന സൂരജ് ഷറഫുദ്ദീൻ ഷാ നൽകിയ പരാതിയിൽ 2015ലാണ് സി.ബി.ഐ രാമകൃഷ്ണനെയും ഇടനിലക്കാരനെയും പിടികൂടിയത്.
നേരത്തെ ബംഗളൂരുവിൽ താമസിച്ചിരുന്ന ഷറഫുദ്ദീൻ ഷാക്ക് അവിടത്തെ വിലാസത്തിൽ അനുവദിച്ചിരുന്ന പാസ്‌പോർട്ട് മലപ്പുറത്തേക്ക് താമസം മാറ്റിയതിനെത്തുടർന്ന് പുതുക്കാൻ കഴിയാതെവന്നു. ബംഗളൂരുവിൽ അനുവദിച്ച പാസ്‌പോർട്ട് മലപ്പുറത്തെ വിലാസത്തിൽ അനധികൃതമായി പുതുക്കി നൽകാമെന്ന് പറഞ്ഞാണ് രാമകൃഷ്ണൻ അരലക്ഷംരൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇടനിലക്കാരനെ സമീപിക്കാനും അയാളെല്ലാം ചെയ്തുതരുമെന്നും രാമകൃഷ്ണൻ നിർദ്ദേശിച്ചു.
ഷറഫുദ്ദീൻ ഷാ സി.ബി.ഐക്ക് വിവരം കൈമാറി. സി.ബി.ഐ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം 50000 രൂപ രാമകൃഷ്ണന്റെ വാടകവീട്ടിൽ വച്ച് കൈമാറുന്നതിനിടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും രാമകൃഷ്ണനെതിരെ കേസുണ്ട്. ഇടനിലക്കാരനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പരാതിക്കാരനെ വിസ്തരിക്കാൻ കഴിയാത്ത കേസിൽ കൃത്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കി കുറ്റം തെളിയിക്കാൻ സി.ബി.ഐ കൊച്ചി യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥർക്കും പബ്ലിക് പ്രോസിക്യൂട്ടർക്കും സാധിച്ചു.