
റിയോ ഡി ജെനീറോ: ലോകത്തെ ഏറ്റവും വലിയ പാമ്പെന്ന് കരുതുന്ന അനാ ജൂലിയയെന്ന നോർത്തേൺ ഗ്രീൻ അനാകോണ്ടയെ ചത്ത നിലയിൽ കണ്ടെത്തി. അടുത്തിടെ കണ്ടെത്തിയ ഈ പാമ്പിന് അനാ ജൂലിയെന്നാണ് പേര് നൽകിയിരുന്നത്. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. അഞ്ചാഴ്ച മുൻപ് തെക്കൻ ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സുൾ സ്റ്റേറ്റിലെ ബോണിറ്റോ ഗ്രാമപ്രദേശത്തുള്ള ഫോർമോസോ നദിയിലാണ് അനാ ജൂലിയയെ കണ്ടെത്തിയത്.
നാഷണൽ ജ്യോഗ്രഫികിന്റെ ഒരു പര്യവേക്ഷണത്തിനിടെ വൈൽഡ്‌ലൈഫ് അവതാരകനായ പ്രൊഫസർ ഫ്രീക്ക് വോങ്കിന്റെ നേതൃത്വത്തിലെ ടീമാണ് ഇതിനെ കണ്ടെത്തിയത്. വെള്ളത്തിനടിയിൽ ഈ ഭീമൻ പാമ്പിന് സമീപത്ത് കൂടി നീന്തുന്ന വോങ്കിന്റെ വീഡിയോ അന്ന് വൈറലായിരുന്നു. ഇവയുടെ തലയ്ക്ക് ഒരു മനുഷ്യത്തലയോളം വലിപ്പമുണ്ട്. 26 അടി നീളവും 200 കിലോ ഗ്രാം തൂക്കവും ഇതിന് ഉണ്ടായിരുന്നു.
അതേസമയം, വളരെ വേഗത്തിൽ ഇരകളെ പിടിക്കാനും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കാനുമാകും. ഏകദേശം 10 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഗ്രീൻ അനാകോണ്ടകളിൽ നിന്ന് വേർപിരിഞ്ഞുണ്ടായതാകാം ഇവയെന്ന് കരുതുന്നു. ഗ്രീൻ അനാകോണ്ടകളുമായി ജനിതകപരമായി 5.5 ശതമാനം വ്യത്യാസമാണുള്ളത്. ഇത് വളരെ വലിയ വ്യത്യാസമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടിരുന്നു.