sanju-samson
ഫയല്‍ ചിത്രം

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ ആദ്യ മത്സരത്തില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കി സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 14 പന്തുകള്‍ നേരിട്ട രാജസ്ഥാന്‍ നായകന്‍ വെറും 15 റണ്‍സ് നേടി പുറത്തായി.

മൂന്ന് ബൗണ്ടറികള്‍ അടിച്ച ശേഷമാണ് മൂന്നാമനായി ക്രീസിലെത്തിയ മലയാളി താരം പുറത്തായത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ പന്ത് സ്ലിപ്പിലൂടെ തേഡ്മാന്‍ ബൗണ്ടറിയിലേക്ക് തിരിച്ചുവിടാനുള്ള സഞ്ജുവിന്റെ ശ്രമം ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ നായകന്‍ റിഷഭ് പന്തിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

ജയ്പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 52 പന്തുകളില്‍ മൂന്ന് ഫോറും ആറ് സിക്സറുകളും സഹിതം പുറത്താകാതെ നേടിയത് 82 റണ്‍സ് ആയിരുന്നു. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ ഐപിഎല്ലില്‍ മികച്ച ഒരു സീസണ്‍ തന്നെ ആവശ്യമാണ് സഞ്ജുവിന്.

മുമ്പത്തെ പല സീസണുകള്‍ നോക്കിയാല്‍ മികച്ച തുടക്കം ലഭിച്ച ശേഷം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ പ്രകടനം താഴേക്ക് വരുന്നതാണ് സഞ്ജുവിന്റെ രീതി. ഇത്തവണ താരത്തില്‍ നിന്ന് അങ്ങനെയൊരു അശ്രദ്ധയുണ്ടാകില്ലെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.