
മുംബയ് : ചരിത്രത്തിലാദ്യമായി മുകേഷ് അംബാനിയും ഗൗതം അദാനിയും ബിസിനസിൽ പങ്കാളികളാകുന്നു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മദ്ധ്യപ്രദേശിലെ വൈദ്യുതി പ്ളാന്റിൽ 26 ശതമാനം ഓഹരി വാങ്ങാനാണ് റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ ദിവസം ധാരണയിലെത്തിയത്.
ആഭ്യന്തര ആവശ്യങ്ങൾക്ക് പ്ളാന്റിലെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനും റിലയൻസ് ഇൻഡസ്ട്രീസ് ധാരണാപത്രം ഒപ്പുവെച്ചു. അദാനി പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള മഹാൻ എനർജൻ ലിമിറ്റഡിലെ അഞ്ച് കോടി ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങും. 50 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. 600 മെഗാവാട്ട് ശേഷിയുള്ള എം.ഇ.എല്ലിന്റെ മഹാൻ താപ വൈദ്യുത നിലയത്തിന്റെ ഒരു യൂണിറ്റും വരാനിരിക്കുന്ന 2800 മെഗാവാട്ട് ശേഷിയും റില.യൻസിന് ലഭിക്കണമെങ്കിൽ കുറഞ്ഞത് 26 ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം.
അതേസമയം റിലയൻസ് ഏറ്റെടുത്ത വൈദ്യുതിയുടെ പ്രത്യേക ഉപയോഗം വെളിപ്പെടുത്തിയിട്ടില്ല. ഗുജറാത്തിലും മഹാരാഷ്ട്രയിലും എണ്ണ ശുദ്ധീകരണത്തിനും പെട്രോ കെമിക്കൽ കോംപ്ലക്സുകൾക്കുമായിരിക്കും ഉപയോഗമെന്നാണ് സൂചന. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗുജറാത്തിൽ നിന്നാണെങ്കിലും ബിസിനസ് രംഗത്ത് ശക്തമായ മത്സരം നടത്തുന്നവരാണ്.