d

ലൈംഗിക ഉത്തേജനത്തിനുള്ള പലതരം മരുന്നുകളുടെയും സപ്ലിമെന്റുകളുടെയും പരസ്യങ്ങൾ ദിനംപ്രതി പല മാദ്ധ്യമങ്ങളിലൂടെ നമുക്ക് മുന്നിലെത്താറുണ്ട്. ഇതിൽ ഭൂരിപക്ഷവും ലക്ഷ്യമിടുന്നത് പുരുഷൻമാരെയാണ്. ഉദ്ധാരണ ശേഷിക്കുറവ്,​ ശീഘ്ര സ്ഖലനം തുടങ്ങിയ ലൈംഗികപ്രശ്നങ്ങൾക്ക് പരിഹാരം വാഗ്ദാനം ചെയ്താണ് മിക്ക മരുന്നുകളുടെയും സപ്ലിമെന്റുകളുടെയും വിതരണം.

ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നത് വഴി ഉദ്ധാരണം ഉണ്ടാകാനും നിലനിറുത്താനും ചില മരുന്നുകൾ സഹായിക്കാറുണ്ട്. ശരീരത്തിലെ ടെസ്റ്റാസ്റ്റിറോൺ ഹോ‌ർമോണുകളുടെ തോത് ഉയർത്തി ലൈംഗിക താത്പര്യം വർദ്ധിപ്പിക്കുന്ന മരുന്നുകളും നിലവിലുണ്ട്,​. എന്നാൽ ഇവ ഉപയോഗിക്കുന്നത് കൊണ്ടുള്ള പാർശ്വഫലങ്ങൾ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ആശങ്ക ഉണർത്തുന്നത്.

ഈ മരുന്നുകളും സപ്ലിമെന്റുകളും ഒരു നിശ്ചിത കാലത്തേക്ക് മാത്രമേ കഴിക്കാവൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. അതും ഒരു യൂറോളജിസ്റ്റിന്റെ നിർദ്ദേശ പ്രകാരം ആയിരിക്കുകയും വേണം. ഓക്കാനം,​ വയറുവേദന,​ വയറിളക്കം,​ തലവേദന,​ ഹൃദയമിടിപ്പ് വർദ്ധിക്കുക,​ അലർജി എന്നിങ്ങനെയാണ് ലൈംഗിക ഉത്തേജന മരുന്നുകൾ കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ,​ ഇത്തരം പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം.

മറ്റു ശാരീരികവും മാനസികവുമായ പ്രശ്നങ്ങളില്ലാതെ ഫിറ്റായിരിക്കുന്നവർക്ക് ഡോക്ടർമാരുടെ നിർ‌ദ്ദേശാനുസരണം ഇത്തരം മരുന്നുകളോ സപ്ലിമെന്റുകളോ ഉപയോഗിക്കാവുന്നതാണ്. കൊറോണറി ആർട്ടറി രോഗം,​ അരിത്മിയ,​ കടുത്ത വിഷാദം,​ രക്തസ്രാവ പ്രശ്നങ്ങൾ,​ ക്രോണിക് കരൾ,​ വൃക്ക രോഗങ്ങൾ തുടങ്ങിയവയുള്ളവർ ഇത്തരം മരുന്നുകൾ ഒഴിവാക്കണം. മരുന്നുകൾ ഇല്ലാതെ തന്നെ ഇത്തരക്കാർക്ക് ലൈംഗികാരോഗ്യം മെച്ചപ്പെടുത്താവുന്നതാണ്. നല്ല ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും നല്ല ഉറക്കവും ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും. മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതും ഗുണം ചെയ്യും ഇതിലെല്ലാമുപരി പങ്കാളിയോടുള്ള സ്നേഹവും അടുപ്പവും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.