water-authority

തിരൂര്‍: നഗരസഭയിലെ ആറാം വാര്‍ഡിലെ പെരുവഴിയമ്പലത്തെ കോളനിയിലേക്കുള്ള മുനിസിപ്പല്‍ പൈപ്പ് ലൈനിലെ കുടിവെള്ളം നിലച്ചിട്ട് ഒരു വര്‍ഷക്കാലമായി. എന്നാല്‍ മാസത്തില്‍ അടയ്‌ക്കേണ്ട മിനിമം ചാര്‍ജ്ജ് തുക കൃത്യമായി വാട്ടര്‍ അതോറിറ്റിയില്‍ അടയ്ക്കണം. പൂക്കയിലെ പെരുവഴിയമ്പലത്തെ മിച്ചഭൂമി കോളനിയിലെ 54 കുടുംബങ്ങളിലെ3 0 കുടുംബങ്ങള്‍ ഒരു വര്‍ഷമായി നേരിടുന്ന പ്രശ്‌നമാണിത്. 22 വര്‍ഷം മുമ്പാണ് പെരുവഴിയമ്പലം മിച്ചഭൂമി പ്രദേശത്ത് കുടിവെള്ള പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാവുന്നത്. മുപ്പതോളം വീടുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു.

പ്രദേശത്തെ കിണറുകളില്‍ വേനല്‍കാലത്ത് കുടിവെള്ളം കിട്ടാക്കനി ആയതോടെ കുടിവെള്ള പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കുടുംബങ്ങള്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. നിലവില്‍ വെള്ളം പൈപ്പ് ലൈനില്‍ വരുന്നില്ലെങ്കിലും 148 രൂപ മിനിമം ചാര്‍ജ് അടയ്ക്കണം. ഒരു വര്‍ഷം കൂടുമ്പോഴാണ് ബില്ലടക്കേണ്ടി വരിക.അപ്പോഴേക്കും വലിയ തുക അടയ്‌ക്കേണ്ടതായി വരുന്നത് സാധാരണക്കാരായ ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും കേരള മുഖ്യമന്ത്രി നടത്തിയ നവകേരള സദസിലും പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും പരിഹാരം ആയിട്ടില്ല.തിരൂര്‍ കടലുണ്ടി കെ.ആര്‍.എഫ്.ബി റോഡിലെ നടുവിലങ്ങാടി പെരുവഴിയമ്പലം ഭാഗത്ത് ലീക്ക് വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മറുപടി വന്നത്. ശാശ്വത പരിഹാരം അവിടേയും ആയില്ല.

തിരൂര്‍ നഗരസഭയ്ക്കും വാട്ടര്‍ അതോറിറ്റിക്കും നിരന്തരം പരാതികള്‍ വേറെയും നല്‍കിയിട്ടും പരിഹാരമായില്ലന്നും പ്രദേശവാസികള്‍ പറയുന്നു.ഇനി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുകയാണ് കോളനി നിവാസികള്‍.