
അടുത്ത കാലത്ത് വരെ സൗദി അറേബ്യയിൽ വന്ന മാറ്റങ്ങൾ ലോകം അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. രാത്രി ആഘോഷങ്ങൾ, സിനിമാശാലകളുടെ വരവ്, സിനിമ ചിത്രീകരണം എന്തിനേറെ പറയുന്നു വിദേശികളായ നയതന്ത്രജ്ഞർക്ക് മദ്യം ലഭ്യമാക്കാനുള്ള സൗകര്യം വരെ സൗദി അറേബ്യ നടപ്പാക്കിക്കഴിഞ്ഞു. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ എത്തിയതോടെയാണ് ഈ മാറ്റങ്ങൾക്ക് വേഗത കൂടിയത്. ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ അടുത്തകാലം വരെ മത നിയമങ്ങൾ കർശനമായി നിലനിന്നിരുന്നു.
എന്നാൽ സമീപകാലത്ത് രാജ്യം മാറിചിന്തിക്കാൻ തുടങ്ങിയത് മറ്റ് ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിൽ നിന്ന് പുറത്തുവന്ന വാർത്ത ഏല്ലാവരെയും ഒന്നുകൂടി ഞെട്ടിച്ചു. ലോക സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഒരു വനിത പങ്കെടുക്കുന്നു എന്ന വാർത്തയായിരുന്നു അത്. സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറായ റുമി അൽഖഹ‌്താനിയാണ് സൗദിയുടെ സുന്ദരിയായി ലോക സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ എത്തുക.
ഇൻസ്റ്റഗ്രാമിൽ സജീവമായ റുമിക്ക് 10 ലക്ഷം ഫോളോവേഴ്സാണുള്ളത്. ലോക സൗന്ദര്യ മത്സരത്തിൽ സൗദിയെ പ്രതിനീധീകരിക്കുന്ന വനിതയായതിൽ അതിയായ സന്തോഷത്തിലാണ് ഈ 27കാരി. ലോകത്തെ അത്ഭുതപ്പെടുത്തി ഓരോ മാറ്റങ്ങളാണ് സൗദി ആവിഷ്‌കരിക്കുന്നത്. ഓരോ വർഷം കഴിയുമ്പോഴും സൗദി അറേബ്യ എന്തുകൊണ്ടാണ് ഇങ്ങനെ മാറി ചിന്തിക്കുന്നത്? പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് സൗദി അറേബ്യ ലോകത്തോട് പറയുന്നത് എന്താണ്... പരിശോധിക്കാം.
ലോക സുന്ദരിയാവാൻ റുമി അൽഖഹ‌്താനി
ലോക സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിൽ നിന്നും റുമിയെ പ്രഖ്യാപിച്ചതോടെ അവരെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാണ് റുമി എന്ന് ഗൂഗിളിൽ തിരയുന്നവരുടെ എണ്ണത്തിലും കുറവില്ല.
മലേഷ്യയിലെ മിസ് ഏഷ്യ, മിസ് അറബ് പീസ്, മിസ് യൂറോപ്പ് എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ റുമി രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ് സൗദി അറേബ്യ കിരീടം നേടുന്നതിന് മുമ്പ്, മിസ് മിഡിൽ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേൾഡ് പീസ് 2021, മിസ് വുമൺ (സൗദി അറേബ്യ) തുടങ്ങിയ പട്ടങ്ങളും അവർ നേടിയിട്ടുണ്ട്. ഡെന്റൽ മെഡിസിനിൽ ബാച്ചിലർ ഡിഗ്രിയുള്ള റുമി ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യും.

സൗദി അറേബ്യയും പരിഷ്‌കാരങ്ങളും
സിനിമകളും തീയേറ്ററുകളും നിരോധിച്ചു, പൊതുസ്ഥലങ്ങളിൽ മതപരമായ ലിംഗഭേദം ഉറപ്പാക്കണം, കർശനമായ വസ്ത്രധാരണവും ധാർമ്മിക നിയമങ്ങളും പാലിക്കണം. ഒരു കാലത്ത് സൗദി അറേബ്യയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടെയും മനസിൽ ഓടിയെത്തുന്ന കാര്യങ്ങളാണിത്. എന്നാൽ 2018 ഏപ്രിൽ മാസത്തോടെ തലസ്ഥാനമായ റിയാദിൽ ആദ്യത്തെ സിനിമ തീയേറ്റർ തുറന്നതോടെയാണ് മാറ്റങ്ങൾക്ക് സൗദി തുടക്കം കുറിച്ചത്. അന്ന് ആദ്യമായി സ്‌ക്രീൻ ചെയ്തത് ബ്ലാക്ക് പാന്തർ എന്ന സിനിമയായിരുന്നു.
അതേ വർഷം തന്നെ, തലസ്ഥാനത്തിന് പുറത്ത് ഒരു പുതിയ വിനോദ സമുച്ചയം ഉദ്ഘാടനം ചെയ്തു, ഇൻഡോർ സ്‌കീയിംഗ്, ഓട്ടോ റേസിംഗ്, വാട്ടർ ഗെയിമുകൾ എന്നീ സൗകര്യമുള്ള ഈ കെട്ടിടം ഡിസ്നി വേൾഡിന്റെ ഇരട്ടി വലിപ്പമുള്ളതായിരുന്നു. പിന്നാലെ കോമഡി ക്ലബ്ബുകൾ, നൈറ്റ് ലൈഫ് അടക്കമുള്ള സൗകര്യങ്ങൾ സൗദിയിലേക്കെത്തി. കൂടാതെ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ, ഫോർമുല വൺ ഡ്രൈവ് ഗ്രാൻഡ് പ്രിക്സ് എന്നീ മത്സരങ്ങൾക്കും സൗദി അറേബ്യ വേദിയായി.

വിമർശനങ്ങളും പിന്നാലെ
പുതിയ പരിഷ്‌കരണങ്ങൾ ഓരോന്ന് നടക്കുമ്പോഴും വിമർശനങ്ങളും സൗദിയുടെ പിന്നാലെയുണ്ട്. രാജ്യത്തിന്റെ ഈ പരിഷ്‌കാരങ്ങൾ മനുഷ്യാവകാശ ലംഘന കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനും യുവജനങ്ങളിൽ നിന്നും രാഷ്ട്രീയ പിന്തുണ നേടാനുള്ള സൽമാൻ രാജകുമാരന്റെ നീക്കങ്ങളാണിതെന്ന വിമർശനമാണ് ശക്തമാകുന്നത്.
2023ൽ യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ പങ്കാളിത്തത്തോടെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 2015ൽ സൽമാൻ രാജാവും മകനും അധികാരത്തിൽ വന്നതിനുശേഷം വധശിക്ഷകളിൽ 82 ശതമാനം വർദ്ധനവ് കാണിക്കുന്നു. വധശിക്ഷയ്ക്കായി ശിരഛേദം നടത്തുന്ന ഒരേയൊരു രാജ്യം സൗദി അറേബ്യയാണ്. 2018 മാർച്ചിലെ റിപ്രീവ് എൻജിഒ പറയുന്നത് അനുസരിച്ച്, കിരീടാവകാശിയായി സൽമാൻ രാജകുമാരൻ നിയമിക്കപ്പെട്ട് എട്ട് മാസത്തിനുള്ളിൽ ഏകദേശം 133 പേരെ വധശിക്ഷയ്ക്ക് വിധിച്ചെന്നാണ്.