
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ദൃക്സാക്ഷികളുടെ പ്രതികരണം പുറത്ത്. കാർ ഓടുന്നതിനിടെ അകത്ത് മൽപ്പിടിത്തം നടന്നതായി സംശയിക്കുന്നുവെന്ന് ദൃക്സാക്ഷികളിൽ ഒരാളായ ഗ്രാമപഞ്ചായത്തംഗം ശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കാർ ഓടുന്നതിനിടെ അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നെന്നും ശരീരികമായി ഉപദ്രവിച്ചിരുന്നതായി സംശയം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. കാർ തെറ്റായ ദിശയിൽ എത്തി ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.
'ഞാനും സുഹൃത്ത് ഗോകുലും കൂടെ ഇന്നലെ രാത്രി കൊല്ലം വരെ പോയ ശേഷം അടൂർ വഴിയാണ് തിരികെ വന്നത്. അപകടത്തിൽപ്പെട്ട കാറിനെ ന്യൂമാൻ സെൻട്രൽ സ്‌കൂളിന് സമീപത്ത് വച്ചാണ് ശ്രദ്ധയിൽപ്പെട്ടത്. കാർ അമിത വേഗത്തിലായിരുന്നു. കാറിന്റെ ഡോർ ഓടുന്നതിനിടെ മൂന്ന് തവണ തുറന്നു. ആ സമയത്ത് കാള വെളിയിൽ വന്നിരുന്നു. ശരീരികമായി ആരെയോ ഉപദ്രവിക്കുകയാണെന്ന് മനസിലായി. സ്‌കൂളിന് സമീപത്ത് വാഹനം നിർത്തി'.
'വാഹനത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി അവിടെ ഇറങ്ങുകയും ചെയ്തു. നമ്മൾ പിന്നീട് പോയി. ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ബാക്കി സംഭവത്തെക്കുറിച്ച് അറിയുന്നത്. വാഹനം ഡ്രൈവ് ചെയ്യുന്നയാളുടെ നിയന്ത്രണത്തിൽ അല്ലായിരുന്നു. ധാരളം പേർ കള്ളുകുടിച്ച് വാഹനം ഓടിക്കുന്ന സ്ഥലമാണിത്. അതുകൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നത്. ഇനി പൊലീസിനെ അറിയിച്ചാലും അവർക്ക് എത്താൻ സാധിക്കില്ലായിരുന്നു'-ശങ്കർ പറഞ്ഞു.
അതേസമയം, അപകടത്തിൽ ദുരൂഹതകൾ ഇപ്പോഴും ബാക്കിയാണ്. മരിച്ച അദ്ധ്യാപിക അനുജയും സ്വകാര്യ ബസ് ഡ്രൈവറായ ഹാഷിമും ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്‌തെന്നും വിവരമുണ്ട്. വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്ന വാഹനത്തിൽ നിന്നാണ് അനുജയെ ഹാഷിം കൂട്ടിക്കൊണ്ടു പോകുന്നത്.
വാഹനത്തിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് അനുജ സഹഅദ്ധ്യാപരോട് ഞങ്ങൾ അത്മഹത്യ ചെയ്യാൻപോകുകയാണെന്ന് പറഞ്ഞിരുന്നതായി അദ്ധ്യാപകർ പറയുന്നു. തിരുവനന്തപുരത്തേക്കാണ് അനുജ സഹഅദ്ധ്യാപകരോടൊപ്പം വിനോദ യാത്രപോയത്. വിനോദ യാത്രപോയ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് അദ്ധ്യാപകർ പറഞ്ഞു. എന്നാൽ മറ്റ് അസ്വഭാവികതകളൊന്നുംതോന്നിയില്ലെന്നും അദ്ധ്യാപകർ പറയുന്നു.
അപകടത്തിൽപ്പെട്ട കാറിൽ മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അമിതവേഗത്തിലെത്തിയ കാർ എതിർദിശയിൽ നിന്ന് വന്ന കണ്ടെയിനർലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഹാഷിമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ചുവീണു. പൂർണമായും തകർന്ന കാർ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.