k

ബ്രഹ്മാവിനും ആയുസിന് പഞ്ഞമോ! ചെലവാക്കാൻ തന്റെ കൈയിൽ പണമില്ലാത്തതിനാൽ ഈ പാർലമെന്റ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ വെളിപ്പെടുത്തൽ കേട്ട് മൂക്കത്ത് വിരൽവച്ചവർ നിരവധി. ബി.ജെ.പിയിലെ ഘടാഘടിയന്മാരായ കേന്ദ്ര നേതാക്കളൊക്കെ വീണ്ടും അങ്കക്കളത്തിലിറങ്ങുമ്പോൾ നിർമ്മലയെ പാർട്ടി അങ്ങനെ തഴയുമോ?അതും,​ രണ്ടാം മോദി സർക്കാരിൽ കഴിഞ്ഞ അഞ്ചുകൊല്ലം ബഡ്ജറ്റ് അവതരിപ്പിക്കുകയും സാമ്പത്തിക മാനേജ്മെന്റിന് ചുക്കാൻ പിടിക്കുകയും ചെയ്ത ഖജനാവ് കാവൽക്കാരിയെ?അപ്പോൾ പണമല്ല പ്രശ്നം. പ്രത്യേകിച്ച്,​ ബി.ജെ.പിയുടെ മുന്നൂറോളം സിറ്റിംഗ് എം.പിമാരിൽ മൂന്നിലൊന്നു പേർക്കും പാ‌ർട്ടി സീറ്റ് നിഷേധിച്ചിരിക്കെ. തമിഴ്നാട്ടുകാരിയായ നിർമ്മലയ്ക്ക് മത്സരിക്കാനുള്ള പണം ഡി.എം.കെക്കാർ വച്ചുനീട്ടിയതാണ്. പക്ഷേ, അവർ ആ കെണിയിൽ വീണില്ല. ഇടയ്ക്ക്, ബി.ജെ.പി സ്ഥാനാർത്ഥിപ്പട്ടികയിൽ തിരുവനന്തപുരത്തേക്ക് നിർമ്മല സീതാരാമന്റെ പേരും കേട്ടിരുന്നതാണ്. എന്തു പറ്റി? പിണറായി സർക്കാരിനെ ശ്വാസം മുട്ടിച്ച നിർമ്മലയ്ക്ക് അത്രയും വേണമെന്ന് സഖാക്കൾ!

 

ഇടി വെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയിലാണ് കോൺഗ്രസ്. പാർട്ടിയുടെ മൊത്തം ഫണ്ടും മോദി സർക്കാരിന്റെ

ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെ കൈയിൽ നയാപൈസയില്ലാത്ത സ്ഥിതിയെന്ന് കേന്ദ്ര നേതാക്കൾ. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ പൊരിവെയിലത്ത് ഒപ്പം നടക്കുന്ന പ്രവർത്തകരുടെ ചായക്കാശിനു പോലും

കഴിയാത്ത വിധം പോക്കറ്റ് കാലിയെന്ന് കേരളത്തിലെ നേതാക്കൾ. പൈപ്പുവെള്ളം കുടിപ്പിച്ച് എത്ര ദിവസം കൂടെ

നിറുത്താനാവും?​ കൂപ്പണടിച്ച് നാട്ടിലിറങ്ങി പിരിവു നടത്തി ചെലവുകൾക്കുമുള്ള വഴി തേടാമെന്ന് കരുതിയിരിക്കുമ്പോഴാണ് കൂനിന്മേൽ കുരു പോലെ, 1700 കോടി രൂപ ഉടൻ ഒടുക്കണമെന്ന ആദായ നികുതി വകുപ്പിന്റെ പത്താമത്തെ നോട്ടീസ്.

കാലിയായ പോക്കറ്റിന്റെ കാര്യത്തിലെങ്കിലും കെ. സുധാകരനും വി.ഡി. സതീശനും ഏകാഭിപ്രായക്കാരാവുമെന്ന്

കരുതിയവർക്ക് തെറ്റി. പ്രവർത്തകർക്ക് നാരങ്ങാവെള്ളം വാങ്ങിക്കൊടുക്കാൻ പോലും ചില്ലിക്കാശില്ലെന്ന് സതീശൻ

വിലപിക്കുന്നു. എന്നാൽ, അത്തരമൊരു സ്ഥിതിയില്ലെന്നും താൻ നാരങ്ങാ വെള്ളമൊക്കെ കുടിക്കാറുണ്ടെന്നും പത്രക്കാരോട് സുധാകരൻ. ആപത്തു കാലത്തും നല്ല ചേർച്ച!

 

പാകിസ്ഥാൻ ഉൾപ്പെട നാല് അയൽരാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലീങ്ങൾ ഒഴകെയുള്ള മത വിഭാഗങ്ങൾക്ക്

ഇന്ത്യൻ പൗരത്വം നൽകാനുള്ളതാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് രാജ്യത്ത്

നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം. പക്ഷേ, രാജ്യത്തെ കോൺഗ്രസുകാർ ഉടനെ പാസ്പോർട്ട് എടുത്ത് പാകിസ്ഥാനിലേക്കു കുടിയേറണമെന്നാണ് ബി.ജെ.പിയിലെ പുത്തൻ കൂറ്റുകാരനും പത്തനംതിട്ട മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ അനിൽ ആന്റണിയുടെ 'ആഹ്വാനം."

കോൺഗ്രസ് പാർട്ടി ഇവിടെ തകർന്നടിഞ്ഞതിനാൽ, ഇനി കോൺഗ്രസുകാർ പാകിസ്ഥാനിൽ പോയി പാർട്ടി പ്രവർത്തനം നടത്തണമെന്നാണ് കക്ഷിയുടെ ഉപദേശം! പാകിസ്ഥാനിലേക്ക് കുടിയേറണമെന്നു പറയുന്ന കോൺഗ്രസുകാരിൽ സ്വന്തം പിതാവ് എ.കെ. ആന്റണിയും ഉൾപ്പെടില്ലേ എന്നായി പത്രക്കാർ. തന്റെ പിതാവ് കോൺഗ്രസിൽ നിന്ന് വിരമിച്ച ആളാണെന്ന് അനിൽ ആന്റണി. പ്രായാധിക്യത്താൽ പാർട്ടി ചുമതലകളൊഴിഞ്ഞ് തലസ്ഥാനത്ത് വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും, എ.കെ.ആന്റണി ഇപ്പോഴും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമാണെന്ന കാര്യം പുത്രൻ മന:പൂർവം മറന്നതാണോ?അച്ഛന്റെ പാർട്ടിയിൽത്തന്നെ മക്കളും തുടർന്നുകൊള്ളണമെന്ന് ശഠിക്കാനാവില്ല. പക്ഷേ,അച്ഛൻ ഉൾപ്പെടെയുള്ളവർ നാട് വിടണമെന്നൊക്കെ അനിൽ ആന്റണി പറയാമോ എന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം.

 

ശുദ്ധ ഗതികൊണ്ട് ബാലൻ സഖാവ് സ്വന്തം പാർട്ടിക്കാരോടു പറഞ്ഞു. ആഞ്ഞുപിടിച്ചോളൂ; ഇല്ലെങ്കിൽ എല്ലാം കൈവിട്ടുപോകും. പിന്നെ കരഞ്ഞിട്ടു കാര്യമില്ല. ഇത്തവണ കര കയറിയില്ലെങ്കിൽ ദേശീയ പാർട്ടി പദവി പോകും. പിന്നെ, അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവുംകൊണ്ട് നടക്കാനാവില്ല. അടുത്ത തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷൻ അനുവദിക്കുന്ന ഈനാംപേച്ചിയോ, എലിപ്പെട്ടിയോ, നീരാളിയോ, തേളോ ഒക്കെ ചിഹ്നമായി സ്വീകരിക്കേണ്ടി വരും. പ്രിയ വിപ്ലവ നേതാവിന് ഈനാംപേച്ചി ചിഹ്നത്തിൽ വോട്ടു ചോദിക്കുക! ചിന്തിക്കാൻ പോലും വയ്യ. പക്ഷേ, മരപ്പട്ടിയെ സഖാവ് വിട്ടുകളഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉറക്കംകെടുത്തുന്ന മരപ്പട്ടിയെ പാർട്ടി ശത്രുവായി പ്രഖ്യാപിച്ചതാണല്ലോ!

1952-ൽ നടന്ന ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷം അവിഭക്ത

കമ്മ്യൂണിസ്റ്റ് പാർട്ടി. ആദ്യത്തെ പ്രതിപക്ഷ നേതാവ് എ.കെ. ഗോപാലൻ അഥവാ എ.കെ.ജി. പഴംപുരാണം വിടാം. 2004-ലെ പാർലമെന്റ് തിരഞ്ഞെടുപ്പുതന്നെ എടുക്കാം. തുടർന്നുള്ള ലോക്‌സഭയിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ 60. സി.പി.എമ്മിനു മാത്രം 43. ഒന്നാം മൻമോഹൻ സിംഗ് സർക്കാരിനെ പിന്താങ്ങിയതിനൊപ്പം വരച്ച വരയിൽ നിറുത്തിയ നിണ്ണായക ശക്തി. ഇന്നത്തെ സ്ഥിതിയോ?ലോക്‌സഭയിൽ ഇടതുപക്ഷം മെലിഞ്ഞ് ആകെ അഞ്ചു പേരായി.

കേരളത്തിൽ സി.പി.എമ്മിനു മാത്രം പേരിന് ഒരു സീറ്റ്. തമിഴ്നാട്ടിൽ നിന്ന് ഡി.എം.കെയുടെ ബലത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും രണ്ടു സീറ്റ്. 34 കൊല്ലം അടക്കി വാണ ബംഗാളിലും,​ കാൽനൂറ്റാണ്ട് കിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്ന ത്രിപുരയിലും കട പൂട്ടി. ഇനി ആകെ പച്ചത്തുരുത്ത് കേരളം. അതും കൈവിട്ടാലുള്ള ഗതികേട് ഓർത്ത് ബാലൻ സഖാവ് ഉണർന്നു പ്രവർത്തിക്കാൻ പാർട്ടിക്കാരെ ഓർമ്മപ്പെടുത്തിയെന്നേയുള്ളൂ. അതിനാണ് എതിരാളികളുടെയും സമൂഹമാദ്ധ്യമ ട്രോളന്മാരുടെയും പരിഹാസവും പൊങ്കാലയിടലും.

സി.പി.എമമിന്റെ ചിഹ്നം സംരക്ഷിക്കേണ്ട ചുമതല ജനങ്ങൾക്കാണോ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.

സതീശന്റെ ചോദ്യം. സി.പി.എം മത്സരിക്കുന്നത് സ്വന്തം ചിഹ്നം സംരക്ഷിക്കാനാണെങ്കിൽ, കോൺഗ്രസിന്റെ മത്സരം

രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണത്രെ. സതീശൻ ആദ്യം രസീതടിച്ച് നാലു കാശ് പിരിച്ച് സ്വന്തം പാർട്ടയുടെ

നിലനിൽപ്പ് ഉറപ്പാക്കിയിട്ടു മതി,​ മറ്റുള്ളവരെ ഉപദേശിക്കാനെന്നാണ് ഇതിന് സഖാക്കളുടെ മറുപടി. എന്തായാലും

ഇക്കാര്യത്തിൽ കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞതാണ് ഇരുകൂട്ടർക്കും ബാധകം. 'ഡൂ ഓർ ഡൈ.'

പ്രവർത്തിച്ചുനേടുക; അല്ലെങ്കിൽ മരിക്കുക!

നുറുങ്ങ് :

തൃശൂർ ഇത്തവണ എന്തായാലും എടുത്തിരിക്കുമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി.

 ഓർമ്മയുണ്ടോ ഈ മുഖം!

(വിദുരരുടെ ഫോൺ : 99461 08221)

ി