vice-president

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത സംഭവത്തിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌‌ദീപ് ധൻകർ. മറ്റുളള രാജ്യങ്ങൾ സ്വന്തം വിഷയങ്ങൾ പരിഹരിച്ചാൽ മതിയെന്ന് അദ്ദേഹം പ്രതികരിച്ചു. അമേരിക്കൻ സർക്കാർ കേജ്‌രിവാളിന് പിന്തുണയുമായെത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നിരവധി പ്രതിഷേധ പരിപാടികളാണ് ആംആദ്മി പാർട്ടി രാജ്യ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. നാളെ ഡൽഹിയിലെ രാം ലീല മൈതാനിയിൽ വച്ച് ഇന്ത്യാ സഖ്യം പ്രതിഷേധ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റാലി ശക്തിപ്രകടനമാക്കാനുളള തീവ്രശ്രമത്തിലാണ് ആംആദ്മി. പ്രതിഷേധത്തിൽ പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനായി വീടുകയറിയുളള പ്രചാരണമാണ് ആംആദ്മി പാർട്ടി നടത്തിവരുന്നത്. റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേജ്‌‌രിവാൾ ഏപ്രിൽ ഒന്നുവരെ ഇഡി കസ്റ്റഡിയിൽ തുടരും. ആറ് ദിവസത്തെ ചോദ്യംചെയ്യലിനുശേഷമാണ് അദ്ദേഹത്തെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഡൽഹി റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയത്. ഏഴുദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും ജഡ്ജി കാവേരി ബവേജ നാല് ദിവസം കൂടി അനുവദിക്കുകയായിരുന്നു.

കേജ്‌‌രിവാൾ 100 കോടി രൂപ കോഴ ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് ഇഡി കോടതിയിൽ പറഞ്ഞു. ഗോവ തിരഞ്ഞെടുപ്പിൽ കോഴപ്പണം ഉപയോഗിച്ചുവെന്നതിലടക്കം കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണ്. ചോദ്യങ്ങളിൽ നിന്ന് കേജ്‌‌രിവാൾ ഒഴിഞ്ഞുമാറുന്നുവെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയാണെന്നതുകൊണ്ട് കുറ്റവിമുക്തനാകില്ല. അറസ്റ്റിലടക്കം സാധാരണക്കാർക്കുള്ള അവകാശങ്ങൾ മാത്രമാണ് മുഖ്യമന്ത്രിക്കുമുള്ളത്. പ്രത്യേക പരിഗണനയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.