ship

വാഷിംഗ്ടൺ: അമേരിക്കയിലെ മേരിലാൻഡിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ കൂറ്റൻ പാലത്തിലിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡാണ് (എൻടിഎസ്ബി) അപകടവുമായി ബന്ധപ്പെട്ടുളള റിപ്പോർട്ട് തയ്യാറാക്കിയത്. കപ്പലിൽ നിന്ന് രാസവസ്തുക്കളും വളരെ വേഗത്തിൽ തീപിടിക്കുന്ന തരത്തിലുള്ള പദാർത്ഥങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

കപ്പൽ പാലത്തിലിടിച്ചതിന് പിന്നാലെ കണ്ടെയ്നറുകളിൽ ചിലത് തകരുകയും ഇതിൽ നിന്നുള്ള വിഷവസ്തുക്കൾ നദിയിൽ കലരുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടസാദ്ധ്യതയുള്ള സാമഗ്രികളടങ്ങിയ 56 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. വേഗത്തിൽ തീപീടിക്കുന്ന തരത്തിലുള്ള പദാർത്ഥങ്ങളും ലിഥിയം അയൺ ബാറ്ററികളടക്കം നിരവധി രാസവസ്തുക്കളും കപ്പലിൽ ഉണ്ടായിരുന്നുവെന്ന് എൻടിഎസ്ബി ഉദ്യോഗസ്ഥ ജെന്നിഫർ ഹോമെൻഡി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചയോടെയാണ് കപ്പൽ 47 വർഷം പഴക്കമുള്ള ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിൽ ഒന്നിൽ ഇടിച്ചത്. പാലം പൂർണമായി തകർന്ന് നിരവധി വാഹനങ്ങളും പാലത്തിലുണ്ടായിരുന്ന എട്ടോളം തൊഴിലാളികളും പതാപ്‌സ്‌കോ നദിയിലേക്ക് വീഴുകയും ചെയ്തിരുന്നു. പാലം ഉടൻ പുനർനിർമിക്കുമെന്നും ഫെഡറൽ സർക്കാർ മുഴുവൻ ചെലവ് വഹിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച 'ദാലി' എന്ന കപ്പലാണ് പാലത്തിലിടിച്ചത്. മലയാളിയായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ സിനർജി മറൈൻ ഗ്രൂപ്പാണ് ദാലിയുടെ നടത്തിപ്പുകാർ. കപ്പലിലെ രണ്ട് കപ്പിത്താന്മാരുൾപ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.