
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. കേസിൽ ശാസ്ത്രീയ അന്വേഷണത്തിനൊപ്പം ഹാഷിമിന്റെയും അനുജയുടെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പൊലീസ് പരിശോധിക്കും. വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചാൽ ദുരൂഹതകളിൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്നതോടെ എല്ലാ കാര്യങ്ങളിലും വ്യക്തത വരുമെന്നാണ് കരുതുന്നത്.
വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹാഷിം അനുജയെ നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടു പോയി എന്തിന് ലോറിയിൽ ഇടിപ്പിച്ചു എന്ന ചോദ്യമാണ് പൊലീസിന് മുന്നിലുള്ളത്. ബന്ധുക്കൾക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പൊലീസിനോട് വ്യക്തമാക്കുന്നത്. രണ്ട് കുടുംബങ്ങളും ഇതു തന്നെയാണ് ആവർത്തിക്കുന്നത്. എന്നാൽ ശാസ്ത്രീയ പരിശോധന നടത്തുന്നതോടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും.
കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാസപരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ രണ്ട് പേരുടെയും മൃതദേഹത്തിൽ നിന്നും ശേഖരിച്ചു. എന്നാൽ മൊബൈൽ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചില്ല. വാട്സാപ്പ് ചാറ്റുകൾ ഉൾപ്പടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് വിദഗ്ദ പരിശോധനയ്ക്കായി ഫോണുകൾ ലാബിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്‌കരിച്ചു. അനുജയുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
മരിച്ച അദ്ധ്യാപിക അനുജയും സ്വകാര്യ ബസ് ഡ്രൈവറായ ഹാഷിമും ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്ന വാഹനത്തിൽ നിന്നാണ് അനുജയെ ഹാഷിം കൂട്ടിക്കൊണ്ടു പോകുന്നത്. വാഹനത്തിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് അനുജ സഹഅദ്ധ്യാപകരോട് ഞങ്ങൾ അത്മഹത്യ ചെയ്യാൻപോകുകയാണെന്ന് പറഞ്ഞിരുന്നതായി അദ്ധ്യാപകർ പറയുന്നു. തിരുവനന്തപുരത്തേക്കാണ് അനുജ സഹഅദ്ധ്യാപകരോടൊപ്പം വിനോദ യാത്രപോയത്. വിനോദ യാത്രപോയ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് അദ്ധ്യാപകർ പറഞ്ഞിരുന്നു. എന്നാൽ മറ്റ് അസ്വാഭാവികതകളൊന്നും തോന്നിയില്ലെന്നും അദ്ധ്യാപകർ പറയുന്നു.
അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അമിതവേഗത്തിലെത്തിയ കാർ എതിർദിശയിൽ നിന്ന് വന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഹാഷിമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ചുവീണു. പൂർണമായും തകർന്ന കാർ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.