mukhtar-ansari

ലക്‌നൗ: ഉത്തർപ്രദേശിലെ ഗുണ്ടാനേതാവും ബി.എസ്.പി മുൻ എം.എൽ.എയുമായ മുഖ്താർ അൻസാരി മരണപ്പെട്ടത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വയറുവേദനയെ തുടർന്ന് ബന്ദ ജില്ലയിലെ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെ റാണി ദുർഗാവതി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ജയിലിൽ വച്ച് അദ്ദേഹത്തിന് വിഷം നൽകിയെന്ന് ആശുപത്രിയിലെത്തിയ സഹോദരനും ഗാസിപൂർ എം.പിയുമായ അഫ്‌സൽ അൻസാരി ആരോപിച്ചിരുന്നു. അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചെന്നും ആരോപണമുണ്ട്.

അഞ്ചുഡോക്‌ടർമാരുടെ പാനലാണ് പോസ്റ്റുമോർട്ടം നടത്തിയതെന്നും മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയെന്നുമാണ് റാണി ദുർഗാവതി മെ‌ഡിക്കൽ കോളേജ് വൃത്തങ്ങൾ അറിയിച്ചത്. പോസ്റ്റുമോർട്ടം നടക്കുമ്പോൾ അൻസാരിയു‌ടെ ഇളയമകൻ ഉമർ അൻസാരി ആശുപത്രിയിലുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അൻസാരിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ശവസംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും.

സംഘർഷസാദ്ധ്യത കണക്കിലെടുത്ത് വൻ സുരക്ഷാസന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അൻസാരിയുടെ മരണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബന്ദ, മൗ, ഗാസിപ്പൂർ, വാരാണസി എന്നിവിടങ്ങളിൽ അധികസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

അൻസാരിയുടെ മരണവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി എയിംസിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് മകൻ ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിക്കപ്പെട്ടിരുന്നു. അൻസാരിയുടേത് സ്വഭാവിക മരണമല്ലെന്നും ഉമർ ആവർത്തിച്ചു.

വ്യാജ തോക്ക് ലൈസൻസ് നിർമ്മിച്ചെന്ന കേസിൽ ജീവപര്യന്തം കഠിനതടവ് ലഭിച്ച അൻസാരി 2005 മുതൽ ജയിലിൽ കഴിയുകയായിരുന്നു. 34 വർഷം പഴക്കമുള്ള കേസിലാണ് വാരാണസിയിലെ ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷിച്ചത്. രണ്ടു ലക്ഷത്തിൽപ്പരം രൂപ പിഴയുമിട്ടു.

മൗ ജില്ലയിൽ നിന്ന് അഞ്ചുവട്ടം എം.എൽ.എ ആയിരുന്നു അൻസാരി. ജില്ലാ മജിസ്ട്രേട്ടിന്റെയും എസ്.പിയുടെയും വ്യാജ ഒപ്പിട്ട തോക്ക് ലൈസൻസ് നിർമ്മിച്ച് ഉപയോഗിച്ചെന്നാണ് ആരോപണം. കോൺഗ്രസ് നേതാവ് അജയ് റായിയുടെ സഹോദരൻ അവദേഷ് റായിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവ് ലഭിച്ചു. 60ൽപ്പരം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതുവരെ എട്ടിലധികം ക്രിമിനൽ കേസുകളിൽ ശിക്ഷ ലഭിച്ചു. കഴിഞ്ഞ വർഷം ഉത്തർപ്രദേശ് പൊലീസ് പുറത്തിറക്കിയ 66 ഗുണ്ടാസംഘങ്ങളുടെ പട്ടികയിൽ അൻസാരിയുടെ പേരുമുണ്ടായിരുന്നു.