
മൗ: ഇന്ത്യ കണ്ട ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാത്തലവന്റെ മരണം കഴിഞ്ഞദിവസമാണ് സംഭവിച്ചത്. 63 ക്രിമിനൽ കേസുകളിൽ പ്രതി, എം.പി,, എംഎൽഎ സ്ഥാനങ്ങൾ, എണ്ണിയാലൊടുങ്ങാത്ത ഗുണ്ടാപ്പട...മുഖ്‌താർ അൻസാരി എന്ന ഉത്തർപ്രദേശുകാരന്റെ വിശേഷണങ്ങളാണിതൊക്കെ. ഇന്ത്യൻ ഉപരാഷ്‌ട്രപതിയായിരുന്ന ഹമീദ് അൻസാരിയുടെ അടുത്ത ബന്ധു, സ്വാതന്ത്ര്യ സമര സേനാനിയും 1927-28 കാലഘട്ടങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്ന ഡോ. മുഖ്‌താർ അഹമ്മദ് അൻസാരിയുടെ കൊച്ചുമകൻ, നൗഷേര സിംഹം എന്ന് അറിയപ്പെട്ടിരുന്ന മുഹമ്മദ് ഉസ്‌മാൻ അൻസാരിയുടെയും കൊച്ചുമകൻ എന്നീ വിശേഷണങ്ങളും ഈ ഗുണ്ടാത്തലവന് ഉണ്ടായിരുന്നുവെന്ന് അറിയുക. രാജ്യം മഹാവീര്യചക്രം നൽകി ആദരിച്ചയാളായിരുന്നു മുഹമ്മദ് ഉസ്‌മാൻ അൻസാരി. ബ്രിഗേഡിയർ റാങ്കായിരുന്നു അദ്ദേഹത്തിന്. മുത്തച്ഛന്മാരുടെ പേരിൽ കളങ്കം ചാർത്താൻ ജനിക്കുകയായിരുന്നു മുഖ്‌താർ അൻസാരി എന്ന് നിസംശയം പറയാം.

ഉത്തർപ്രദേശിലെ മുഹമ്മദാബാദിലാണ് മുഖ്‌താർ അൻസാരി ജനിച്ചത്. വാരണാസിയിൽ നിന്ന് 100 കിലോമീറ്റർ സഞ്ചരിച്ചാൽ ഗാസിപൂർ ജില്ലയിലെ മുഹമ്മദാബാദിലെത്താം. 40000ത്തോളമാണ് ഇവിടുത്തെ ജനസംഖ്യ. പുരുവഞ്ചാൽ എക്‌സ്പ്രസ് വേ എന്ന ആറുവരി ദേശീയപാത ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഗാസിപൂറിനെ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവുമായി ബന്ധിപ്പിക്കുന്നത് ഈ എക്‌സ്പ്രസ് വേയാണ്. ഫതക് എന്ന വീടും അൻസാരി കുടുംബവും പാരമ്പര്യമായി പ്രശസ്തരാണ്. അഫ്‌സൽ അൻസാരി എന്ന പേര് എഴുതിയ വലിയ ബോർഡ് അവിടെ കാണാം. മുഖ്‌താർ അൻസാരിയുടെ സഹോദരനാണ് അഫ്‌സൽ. ഗാസിപൂർ എംപിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണിയാൾ.

വീട്ടിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ ഫ്രെയിം ചെയ്യപ്പെട്ട നിരവധി ഫോട്ടോകൾ കാണാം. മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളുടെയെല്ലാം ചിത്രങ്ങൾ അവിടെയുണ്ട്; ഒപ്പം രാജ്യത്തിന് അഭിമാനമായിരുന്ന മുത്തച്ഛന്മാരുടേയും. നാട്ടിലെ ധനാഢ്യനും ഭരണതലത്തിൽ പിടിപാടുള്ളവനുമായ മുതലാളിമാരുടെ വീട്ടിൽ സഹായം അഭ്യർത്ഥിച്ച് എത്തുന്ന നാട്ടുകാരെ പല തെലുങ്ക് ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടില്ലേ? അതുപോലെ തന്നെയായിരുന്നു ഫതക് എന്ന ബംഗ്ളാവും. ചികിത്സാ സഹായം അഭ്യർത്ഥിച്ചും, പലിശയിളവിനും, കടം ചോദിച്ചുമെല്ലാം നാട്ടുകാർ അൻസാരിയുടെ പടി കയറിയിറങ്ങുന്നത് സാധാരണ കാഴ്‌ചയായിരുന്നു. എന്നാൽ ഏതുതരത്തിലാണ് അവർ ചൂഷണം ചെയ്യപ്പെട്ടിരുന്നത് എന്ന് അജ്ഞാതമാണ്.

അൻസാരി കുടുംബത്തിലെ പിന്മുറക്കാരായ രണ്ട് തലമുറകളെ എടുത്തുകഴിഞ്ഞാൽ എല്ലാവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന അവസാന നിമിഷംവരെയും തന്റെ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങളും മുഖ്‌താർ അൻസാരി നിയന്ത്രിച്ചിരുന്നത് ജയിലറയ‌്ക്കുള്ളിൽ നിന്നായിരുന്നു. സഹോദരനും എംപിയുമായ അഫ്‌സൽ അൻസാരി, ഭാര്യ അഫ്‌ഷ അൻസാരി, മകനും എംഎൽഎയുമായ അബ്ബാസ് അൻസാരി, ഇളയ മകൻ ഉമർ എന്നിവരെല്ലാം ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതുകൂടാതെ മുഖ്‌താറിന്റെ ഭാര്യ സഹോദരന്മാരായ അതീഫ് റാസ, അൻവർ ഷേഹ്‌സാദ് എന്നിവർക്കെതിരെയും നിരവധി ക്രിമിനൽ കേസുകളുണ്ട്. കൃത്യമായ കണക്കെടുത്താൽ അൻസാരി കുടുംബത്തിനെതിരെ രാജ്യത്തെ വിവിധയിടങ്ങളിൽ രജിസ്‌റ്റർ ചെയ‌്ത കേസുകളുടെ എണ്ണം 97 ആണ്. ഇതിൽ 63 എണ്ണവും മുഖ‌്താറിന് സ്വന്തം.

കേവലം 15 വയസുള്ളപ്പോഴാണ് മുഖ്‌താർ ആദ്യ ക്രിമിനൽ കേസിൽ പ്രതിയാകുന്നത്. 1986 ആയപ്പോഴേക്കും ഗാസിപൂറിലെ ക്രിമിനൽ സംഘങ്ങൾക്കിടയിൽ ഇയാൾ കുപ്രസിദ്ധനായി. തുടർന്നുള്ള 10 വർഷങ്ങൾക്കിടയിൽ അതീവ ഗുരുതരങ്ങളായ 14 കേസുകളിൽ മുഖ്‌താർ അൻസാരി പ്രതിയായി. വർഷാവർഷം കേസിന്റെ എണ്ണത്തിൽ വിപ്ളവകരമായ വർദ്ധനവ് വരുത്തുന്നതിൽ മുഖ്‌താർ ഒട്ടും അമാന്തം കാണിച്ചില്ല.
യോഗി ആദിത്യ നാഥ് ഭരണം യുപിയിൽ വന്നതിന് ശേഷമാണ് മുഖ്‌താറിന്റെയും കുടുംബത്തിന്റെയും ആണിക്കല്ല് ഇളകുന്നത്. 575 കോടി രൂപയുടെ സ്വത്ത് വകകൾ യോഗി സർക്കാർ കണ്ടുകെട്ടി. അന്യായമായി അൻസാരി കുടുംബം സ്വന്തമാക്കിയ കെട്ടിടങ്ങൾ ഇടിച്ചുതകർത്തു.

കൊലപാതകമടക്കമുള്ള 6 കേസുകളിൽ ശിക്ഷിക്കപ്പെട്ട അൻസാരി 2005 മുതൽ പഞ്ചാബിലും യു പി യിലുമായി വിവിധ ജയിലുകളിൽ കഴിയുകയാണ്. 60ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മുഖ്‌താർ അഞ്ചുതവണ ഉത്തർ പ്രദേശിലെ മൗ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഹുജൻ സമാജ്‌വാദി പാർട്ടി ടിക്കറ്റിലാണ് ഇയാൾ അഞ്ച് തവണയും മത്സരിച്ചത്.

തടവിൽ കഴിഞ്ഞിരുന്ന മുഖ്‌താർ അൻസാരിയെ ഭക്ഷണത്തിൽ വിഷം നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. മകൻ ഉമർ അൻസാരിയും സഹോദരൻ അഫ്സൽ അൻസാരിയും ആണ് ആരോപണവുമായി രംഗത്ത് വന്നത്. തുടർന്ന് യോഗി സർക്കാർ അൻസാരിയുടെ മരണം എങ്ങിനെയെന്നറിയാൻ മജിസ്റ്റിരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.