pm

ഇപ്പോൾ വ്ളോഗർമാരെ തട്ടിയിട്ട് നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കുട്ടികൾ മുതൽ മുത്തശ്ശന്മാർ വരെ ഇന്ന് ഈ രംഗത്തുണ്ട്. അത്തരത്തിൽ പാകിസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ വ്‌ളോഗറായ മുഹമ്മദ് ഷിറാസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് ആറ് വയസുകാരൻ ഷിറാസിപ്പോൾ. ഇതിന്റെ ദൃശ്യങ്ങൾ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമാണ് കുട്ടി പങ്കുവച്ചിരിക്കുന്നത്.


സഹോദരി മുസാകാനൊപ്പമാണ് ഷിറാസ് എത്തിയത്. ഇത്രയും ചെറിയ പ്രായത്തിൽ വ്‌ളോഗ് ചെയ്യുന്ന ഷിറാസിനെ കൗതുകത്തോടെയാണ് പ്രധാനമന്ത്രി നോക്കിയത്. കൂടാതെ പ്രോട്ടോക്കോളുകൾ മറികടന്ന് തന്റെ കസേരയിൽ ഇരിക്കാനും കുട്ടിവ്‌ളോഗർക്ക് പ്രധാനമന്ത്രി അനുമതി നൽകി.


'ഷിറാസി വില്ലേജ് വ്‌ളോഗ്' എന്നാണ് കുട്ടിയുടെ യൂട്യൂബ് ചാനലിന്റെ പേര്. കുടുംബത്തെപ്പറ്റിയും, ദിനചര്യകളെക്കുറിച്ചും, അയൽപക്ക ബന്ധങ്ങളെക്കുറിച്ചുമൊക്കെയാണ് കുട്ടി വീഡിയോ ചെയ്യുന്നത്.