gold

ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 50,200 രൂപയിൽ

കൊച്ചി: വെള്ളിയാഴ്ച പവന് 50,400 രൂപയിലെത്തി റെക്കാഡിട്ട സ്വർണ വില ഇന്നലെ 200 രൂപ കുറഞ്ഞ് 50,200 രൂപയായി. ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിലാണ് രണ്ടാഴ്ചയായി സ്വർണം റെക്കാഡുകൾ കീഴടക്കി മുന്നേറുന്നത്. ഒരു ഗ്രാമിന്റെ വില ഇന്നലെ 25 രൂപ കുറഞ്ഞ് 6,275 രൂപയിലെത്തി.

അമേരിക്കയിൽ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അടുത്ത മാസങ്ങളിൽ കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് വെള്ളിയാഴ്ച കേരളത്തിലെ സ്വർണ വില പവന് 1040 രൂപ വർദ്ധിച്ച് റെക്കാഡിട്ടത്. ഒരു വർഷത്തിനിടെ കേരളത്തിൽ പവൻ വിലയിൽ 6,400 രൂപയുടെ വർദ്ധനയുണ്ടായി. രാജ്യാന്തര വിപണിയിൽ സ്വർണ വില കഴിഞ്ഞ ദിവസം ഔൺസിന് 2235 ഡോളർ വരെ ഉയർന്നിരുന്നു.

കാരണങ്ങൾ

ആഗോള സാമ്പത്തിക അനിശ്ചിതത്വം

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയം കൂടുന്നു

ഈ വർഷം മൂന്ന് തവണ പലിശ കുറയ്ക്കുമെന്ന ഫെഡറൽ റിസർവ് പ്രഖ്യാപനം

കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നു

ഡോളറിന്റെ മൂല്യയിടിവ്