sayeedha

കാസർകോട്: ഭർത്താവിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും വെറുതേവിട്ട കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ സയീദ. ഇന്ന് രാവിലെ റിയാസ് മൗലവി വധക്കേസിൽ വിധികേൾക്കാനായി മൗലവിയുടെ ഭാര്യയും കുഞ്ഞും കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിയിരുന്നു. എന്നാൽ, വിധി വന്നതിന് പിന്നാലെ സയീദ പൊട്ടിക്കരയുകയായിരുന്നു.

'ഭയങ്കര പ്രതീക്ഷയോടെയാണ് കോടതിയിൽ വന്നത്. ഒന്നും പറയാൻ കിട്ടണില്ല. എന്ത് പറയണമെന്നും അറിയില്ല. ' - വിധി പ്രസ്‌താവത്തിന് ശേഷം കണ്ണീരോടെ സയീദ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോടതിക്ക് മുന്നിൽ നൂറോളം സാഹചര്യത്തെളിവുകളടക്കം നിരത്തിയതായി പ്രോസിക്യൂഷനും പ്രതികരിച്ചു. കേസിലെ വിധി പഠിച്ചശേഷം മേൽക്കോടതിയെ സമീപിക്കുന്ന കാര്യത്തിലടക്കം മുന്നോട്ടുപോകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പറഞ്ഞു.

അതേസമയം, ഇതുവരെ ഇടക്കാല ജാമ്യമോ പരോളോ കിട്ടാത്ത ചെറുപ്പക്കാർക്ക് നീതി ലഭ്യമായെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചത്.