സിദ്ധാർത്ഥും അദിതി റാവുവും വിവാഹത്തിന്

ss

തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർത്ഥും അദിതിറാവു ഹൈദരിയും വിവാഹത്തിന്. പരസ്‌പരം മോതിരം അണിഞ്ഞെന്നും വിവാഹ നിശ്ചയം കഴിഞ്ഞെന്നും അദിതിയും സിദ്ധാർത്ഥും ആരാധകരോട് പങ്കുവയ്ക്കുകയും ചെയ്തു. അവൻ യെസ് മൂളി എന്ന് അദിതിയും അവൾ യെസ് മൂളി എന്നു സിദ്ധാർത്ഥും മോതിരം അണിഞ്ഞ് ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. കുറച്ചുവർഷങ്ങളായി ഇരുവരും ലിവിങ് ടുഗതർ ബന്ധത്തിലായിരുന്നു. പരസ്പരം ഒരുമിച്ചുള്ള ചിത്രങ്ങൾ നേരത്തേയും ഇരുവരും പങ്കുവച്ചിട്ടുണ്ട്. എന്നാണ് വിവാഹമെന്ന് ആരാധകർ അപ്പോൾ ചോദിക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2021ൽ മഹാസമുദ്രം എന്ന തമിഴ് ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് സിദ്ധാർത്ഥും അദിതിയും പരിചിതരാകുന്നത്. വൈകാതെ പ്രണയത്തിലാവുകയും പിന്നീട് രണ്ടുപേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. മമ്മൂട്ടി നായകനായ പ്രജാപതിയിലൂടെയാണ് ഹൈദരാബാദുകാരിയായ അദിതി അഭിനയരംഗത്തേക്ക് എത്തുന്നത്. സൂഫിയും സുജാതയിലൂടെയാണ് ശ്രദ്ധേയയാവുന്നത്.

ദിലീപിന്റെ കമ്മാരസംഭവത്തിലൂടെ സിദ്ധാർത്ഥ് മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചു.