
ന്യൂഡൽഹി: പൊതുസ്ഥലങ്ങളിൽ യുഎസ്‌ബി ഫോൺ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വിമാനത്താവളം, കഫേ, ഹോട്ടൽ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. പൊതുസ്ഥലത്തെ യുഎസ്ബി ചാർജിംഗ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ മുന്നറിയിപ്പ്.
വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാനും സൈബർ ക്രിമിനലുകൾ പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതായാണ് വിവരം. 'ജൂസ് ജാക്കിംഗ്' എന്നാണ് യുഎസ്‌ബി ഉപയോഗിച്ചുള്ള ഹാക്കിംഗ് രീതിയെ വിളിക്കുന്നത്.
Safety tip of the day: Beware of USB charger scam.#indiancert #cyberswachhtakendra #staysafeonline #cybersecurity #besafe #staysafe #mygov #Meity #onlinefraud #cybercrime #scam #cyberalert #CSK #cybersecurityawareness pic.twitter.com/FBIgqGiEnU
— CERT-In (@IndianCERT) March 27, 2024
ഇക്കാരണത്താൽ തന്നെ നിങ്ങളുടെ ഫോൺ സുരക്ഷിതമായിരിക്കാൻ പവർ ബാങ്കുകൾ കൊണ്ടുനടക്കുക, പരിചയമില്ലാത്ത ഉപകരണങ്ങളുമായി മൊബൈൽ ബന്ധിപ്പിക്കാതിരിക്കുക, ഫോൺ ലോക്ക് ചെയ്യുക, ഫോൺ ഓഫ് ചെയ്‌ത് ചാർജ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്രസർക്കാർ മുന്നോട്ട് വയ്‌ക്കുന്നു. www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാം.