dane

ചെന്നൈ: ചലച്ചിത്ര താരം ഡാനിയൽ ബാലാജി (48) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

കമൽ ഹാസന്റെ മരുതനായകം എന്ന സിനിമയിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കെത്തിയത്. ടെലിവിഷൻ സീരിയലിലൂടെ അഭിനയത്തിലേയ്ക്ക്. 'ചിത്തി"എന്ന സീരിയലിലെ ഡാനിയൽ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഡാനിയൽ ബാലാജി എന്ന പേരുവന്നത്. തമിഴ് സിനിമകളിലെ നിറസാന്നിദ്ധ്യമായിരുന്നു. മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

വേട്ടയാട് വിളയാട്, കാക്ക കാക്ക, വട ചെന്നൈ, മായവൻ, ഭൈരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി. സിനിമ,​ സംസ്കാരിക രംഗത്തെ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകൾദാനം ചെയ്‌തു. പൊതുദ‌ർശനത്തിനുശേഷം മൃതദേഹം പുരശൈവാക്കത്തെ വീട്ടിൽ സംസ്കരിച്ചു. അവിവാഹിതനാണ്.