dk-shivakumar-

ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാത്രിയാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും മുൻപ് പരിഹരിച്ച വിഷയത്തിലാണ് ഇപ്പോഴുള്ള നടപടിയെന്നും ഡികെ ശിവകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ രാജ്യത്ത് ജനാധിപത്യമുണ്ട്, ഒരു നിയമമുണ്ട്. ബിജെപി സർക്കാർ ഇത്തരം നടപടികളെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയാണെന്ന് ശിവകുമാർ വ്യക്തമാക്കി.

'ഇന്ത്യ മുന്നണി എൻഡിഎ തകർക്കുമെന്ന ഭയത്തെ തുടർന്നാണ് ബിജെപി ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നത്. അവർ പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കുകയാണ്. കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും അവർ പേടിക്കുന്നു. ഇന്ത്യ മുന്നണി എൻഡിഎയെ പരാജയപ്പെടുത്തും. ഈ ദൗർബല്യം ബിജെപി മനസിലാക്കിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്ന് അറിയാം. ഭയം സൃഷ്ടിക്കുകയാണ് അവർ. നേരത്തെ പരിഹരിച്ച വിഷയത്തിലാണ് ഇപ്പോൾ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്'- ഡികെ ശിവകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കോൺഗ്രസിനെ തറപറ്റിക്കാമെന്നത് വെറും വ്യാമോഹം: രമേശ് ചെന്നിത്തല


നിർണ്ണായകമായ തിരഞ്ഞെടുപ്പിനിടയിൽ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോൺഗ്രസിനെ തറപറ്റിക്കാമെന്ന ബി.ജെ.പി സർക്കാരിന്റെ വ്യാമോഹം നടക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 1823 കോടി രൂപ ഉടൻ അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തതു വഴി കോൺഗ്രസിനെ ശ്വാസം മുട്ടിക്കാമെന്നാണ് ബി.ജ.പി സർക്കാർ കരുതുന്നത്.

പരാജയ ഭീതി കാരണമാണ് ബി.ജെ.പി ഇതൊക്കെ ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ ജനത ഇതൊന്നും അംഗീകരിക്കുകയില്ല. ഇതിലും വലിയ പ്രതിസന്ധി തരണം ചെയ്ത പാർട്ടിയാണ് കോൺഗ്രസ് എന്ന് നരേന്ദ്ര മോദി ഓർക്കുന്നത് നന്നായിരിക്കും. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ജനങ്ങൾ കോൺഗ്രസിനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും. അധികാരം നിലനിർത്താൻ എന്തൊക്കെ കുറുക്കു വഴികൾ നോക്കിയാലും ഇന്ത്യയിലെ ജനങ്ങൾ ബി.ജെ.പി സർക്കാരിനെ തൂത്തെറിയുക തന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.