gold-a-a

കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും വികസിത രാജ്യങ്ങളിലെ മാന്ദ്യ സാഹചര്യവും സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് പ്രിയം കൂട്ടുന്നതിനാൽ നടപ്പു വർഷം പവൻ വില 56,000 രൂപ കടന്ന് മുന്നേറുമെന്ന് പ്രവചനം. ലോകത്തിലെ മുൻനിര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വിലയിൽ കുതിപ്പ് സൃഷ്ടിക്കുന്നത്. നാണയപ്പെരുപ്പം നിയന്ത്രണവിധേയമായതിനാൽ ഈ വർഷം മുഖ്യ പലിശ നിരക്കുകൾ മൂന്ന് തവണ കുറയ്ക്കുമെന്ന് അമേരിക്കയിലെ ഫെഡറൽ റിസർവ് വ്യക്തമാക്കിയിരുന്നു. ഇതോടെ അമേരിക്കൻ ഡോളറും ബോണ്ടുകളും കടുത്ത സമ്മർദ്ദം നേരിടുകയാണ്. ഈ സാഹചര്യങ്ങൾ ആഗോള സ്വർണ വിപണിക്ക് കരുത്ത് പകരുന്നതിനാൽ വില ഔൺസിന് 2,650 ഡോളർ വരെ ഉയരുമെന്ന് കമ്മോഡിറ്റി എക്സ്ചേഞ്ചിലുള്ളവർ പറയുന്നു. നിലവിൽ ആഗോള വില 2,235 ഡോളറിന് അടുത്താണ്.

അടുത്ത സാമ്പത്തിക വർഷത്തെ ഏറ്റവും മികച്ച വളർച്ചാ സാദ്ധ്യതയുള്ള നിക്ഷേപമാണ് സ്വർണമെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ദ്ധനുമായ പി.ടി ജോയ് പറഞ്ഞു. റഷ്യയിൽ പുടിൻ വീണ്ടും അധികാരത്തിലെത്തിയതും ഇസ്രയേലും പാലസ്തീനുമായുള്ള സംഘർഷങ്ങൾ കൈവിട്ടുപോകുന്നതും ആശങ്ക ശക്തമാക്കുന്നു. ഇതോടൊപ്പം ചൈനയിലെ സാമ്പത്തിക സാഹചര്യങ്ങൾ സംബന്ധിച്ച ആശങ്കകളും സ്വർണ വില വർദ്ധനയ്ക്ക് ഇടയാക്കുമെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ പത്ത് ഗ്രാം സ്വർണത്തിന്റെ വിലയിൽ 11,000 രൂപയുടെ വർദ്ധനയാണുണ്ടായത്.

ആ​ഭ​ര​ണം​ ​വാ​ങ്ങാൻ ​​ 54,300​ ​രൂ​പ​ മുടക്കണം

ജുവലറികളിൽ നിന്നും സ്വർണാഭണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും നികുതിയുമടക്കം പവന് വില 54,300 രൂപയിലധികമാകും. ഇന്നലത്തെ വിലയായ ഗ്രാമിന് 6,275 വില അനുസരിച്ച് പവൻ വില 50,200 രൂപയാണ്. പ്രമുഖ ജുവലറികൾ പണിക്കൂലി ഇനത്തിൽ 2,500 രൂപ മുതൽ ഈടാക്കുന്നു. ഇതോടൊപ്പം മൂന്ന് ശതമാനം ചരക്ക് സേവന നികുതിയായ 1,580 രൂപ കൂടി ചേർക്കുമ്പോൾ പവന്റെ വില 54,300 കവിയും. എന്നാൽ പണിക്കൂലി പൂർണമായും ഒഴിവാക്കി അൽ മുക്താദിർ പോലുള്ള ജുവലറി ഗ്രൂപ്പുകൾ സ്വർണാഭരണങ്ങൾ വില്ക്കുന്നുണ്ട്.