മാഹി: മാഹിയിലെ മയ്യഴി പെട്രോളിയത്തിൽ ജീവനക്കാരനായി എത്തി പണവുമായി കടന്നു കളഞ്ഞ കേസിലെ പ്രതി വയനാട് നടവയൽ സ്വദേശി കെ.സി.ഷൈലന് (42) മാഹി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 3 വർഷം തടവിനും 5000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. കഴിഞ്ഞ സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം പമ്പിൽ ജോലിക്കെത്തിയ ആദ്യദിനം തന്നെ ലഭിച്ച മുഴുവൻ കലക്ഷനായ ഒരു ലക്ഷത്തി അമ്പത്തിഒന്നായിരം രൂപയുമായി ഇയാൾ കടന്നു കളയുകയായിരുന്നു. അന്നത്തെ മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ പ്രത്യേക നിർദ്ദേശത്തെ തുർന്ന് മാഹി സി.ഐ ആർ.ഷൺമുഖത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. അന്നത്തെ മാഹി എസ്.ഐ. സി.വി.റെനിൽ കുമാർ, ക്രൈം എസ്.ഐ.കിഷോർകുമാർ, എ.എസ്.ഐ സി.വി.ശ്രീജേഷ്, ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഡൽഹിയിൽവച്ച് പിടികൂടിയത്. പ്രോസിക്യുഷനു വേണ്ടി അഡ്വ. എം.ഡി.തോമസ് ഹാജരായി.