മുണ്ടക്കയം: ബസിറങ്ങി വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി, ചെല്ലക്കാട് ഭാഗത്ത് പ്ലാച്ചേരിമലയിൽ രാഹേഷ് രാജീവ് (24), പത്തനംതിട്ട പഴവങ്ങാടി കരികുളം ഭാഗത്ത് മുരിപ്പേൽ വീട്ടിൽ സജിത്ത് എം.സന്തോഷ് (23) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയോടുകൂടി ഇഞ്ചിയാനി കുരിശുംതൊട്ടി ഭാഗത്ത് വച്ച് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഇന്നോവ കാറിലെത്തി ബലമായി കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ഇവർ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. മുണ്ടക്കയം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഇവരെ വാഹനവുമായി ഇടക്കുന്നം ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.