insu

കൊച്ചി: ഏപ്രിൽ ഒന്ന് മുതൽ വില്ക്കുന്ന പുതിയ ഇൻഷ്വറൻസ് പോളിസികൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കണമെന്ന് കമ്പനികൾക്ക് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഐ.ആർ.ഡി.എ) നിർദേശം നൽകി. വിവിധ കമ്പനികളുടെ പോളിസികൾ അതിവേഗം ട്രാക്ക് ചെയ്യുന്നതിനും അനായാസേന ഇടപാടുകൾ നടത്താനും പുതിയ സംവിധാനം സഹായകരമാകും. ഇൻഷ്വറൻസ് ഉപഭോക്താക്കളുടെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സമ്പൂർണ ഡിജിറ്റലൈസേഷൻ നിബന്ധന കർശനമാക്കുന്നത്. 2013ൽ ഡിജിറ്റൽ പോളിസികൾ അനുവദിക്കാൻ നയതീരുമാനമുണ്ടായതെങ്കിലും നാല് കമ്പനികൾ മാത്രമാണ് പൂർണമായും ഇ- പോളിസികൾ അവതരിപ്പിച്ചത്. ഐ.ആർ.ഡി. എ നിബന്ധന കർശനമാക്കിയതോടെ പോളിസികൾ വാങ്ങുന്ന ഉപഭോക്താക്കൾ പുതിയ ഇ-ഇൻഷ്വറൻസ് അക്കൗണ്ട് തുറക്കേണ്ടി വരും. ഒരു ഉപഭോക്താവിന് ഒരു ഇ-അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. അവരുടെ എല്ലാ പോളിസികളും ഡിജിറ്റൽ ഫോർമാറ്റിൽ ഈ അക്കൗണ്ടിൽ സൂക്ഷിക്കാൻ കഴിയും. പഴയ പേപ്പർ രൂപത്തിലുള്ള പോളിസികൾ ഡിജിറ്റലായി മാറ്റുന്നതിനും അവസരം ലഭിക്കും. പോളിസി ഉടമകൾക്ക് അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ ഡോക്യുമെന്റുകൾ അതിവേഗം കണ്ടെത്താൻ ഈ സംവിധാനം സഹായകമാകും.