
ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ടിനെയും 23 പാകിസ്ഥാനി ജീവനക്കാരെയും 12 മണിക്കൂർ നീണ്ട ദൗത്യത്തിൽ രക്ഷിച്ച് ഇന്ത്യൻ നാവികസേന.
കടൽക്കൊള്ളക്കാരെല്ലാം കീഴടങ്ങി. ബന്ദികളാക്കപ്പെട്ട ജീവനക്കാരെ മോചിപ്പിച്ചു. ആർക്കും പരിക്കുകളില്ല.
'അൽ - കമ്പർ 786 ' എന്ന ബോട്ടിനെ രക്ഷിക്കാൻ വെള്ളിയാഴ്ച പുലർച്ചെ പട്രോൾ കപ്പലായ ഐ.എൻ.എസ് സുമേധയുടെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്.
സുരക്ഷാ പരിശോധനകൾക്ക് ശേഷം ബോട്ടിനെ നേവിയുടെ അകമ്പടിയോടെ സുരക്ഷിത മേഖലയിൽ എത്തിച്ചു.
സംഭവിച്ചത്
വ്യാഴാഴ്ച രാത്രി ഒമ്പത് കൊള്ളക്കാർ ബോട്ടിൽ കടക്കുന്നു.
ജീവനക്കാരെ ബന്ദികളാക്കി
സംഭവം യെമനിലെ സൊകോത്ര ദ്വീപിൽ നിന്ന് 90 നോട്ടിക്കൽ മൈൽ അകലെ
വിവരമറിഞ്ഞെത്തിയ ഐ.എൻ.എസ് സുമേധ പുലർച്ചെ ബോട്ടിനെ തടഞ്ഞു
ഐ.എൻ.എസ് ത്രിശൂൽ യുദ്ധക്കപ്പലും എത്തി
ഭയന്ന കൊള്ളക്കാർ ആക്രമണത്തിന് മുതിരാതെ കീഴടങ്ങി
പിടികൂടിയ കൊള്ളക്കാരെ ഇന്ത്യയിലെത്തിക്കും
പേടി സ്വപ്നം
സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പേടി സ്വപ്നമായി മാറിയ ഇന്ത്യൻ നേവി സമീപകാലത്ത് നിരവധി കപ്പലുകളെയും നാവികരെയുമാണ് രക്ഷിച്ചത്. കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട മാൾട്ട രജിസ്ട്രേഷനുള്ള എം.വി. റുവൻ എന്ന കപ്പലിനെ ഈ മാസം ആദ്യം 40 മണിക്കൂർ നീണ്ട ദൗത്യത്തിൽ രക്ഷിച്ചതും 35 കടൽക്കൊള്ളക്കാരെ കീഴടക്കിയതും അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു.