
ടെൽ അവീവ്: ലെബനനിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഭീകര ഗ്രൂപ്പായ ഹിസ്ബുള്ളയുടെ റോക്കറ്റ് ആൻഡ് മിസൈൽ യൂണിറ്റിന്റെ ഉപ കമാൻഡർ അലി അബേദ് അഖ്സാൻ നയിം കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ ബസൂരിയ മേഖലയിൽ വച്ച് നയിമിന്റെ വാഹനത്തിന് നേരെ ഇസ്രയേൽ ഡ്രോൺ ബോംബിടുകയായിരുന്നു. ഹമാസിന് പിന്തുണയറിയിച്ച് ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തുന്ന മിസൈലാക്രമണങ്ങളുടെ പ്രധാന ബുദ്ധികേന്ദ്രങ്ങളിലൊന്നാണ് ഇയാൾ.
സിറിയയിൽ 42 മരണം
സിറിയയിലെ അലെപ്പോ വിമാനത്താവളത്തിന് സമീപം ഇസ്രയേൽ വ്യോമാക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ആറ് പേർ ഹിസ്ബുള്ള അംഗങ്ങളും മറ്റുള്ളവർ സിറിയൻ സൈനികരുമാണ്. ഗാസ യുദ്ധം ആരംഭിച്ച ശേഷം സിറിയയിൽ ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്. വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണ കേന്ദ്രത്തെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്.