
ടെൽ അവീവ്: കടുത്ത ക്ഷാമത്തിലൂടെ കടന്നുപോകുന്ന ഗാസയിൽ ഭക്ഷ്യ വിതരണം തടയാൻ പാടില്ലെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടിയുള്ള ദക്ഷിണാഫ്രിക്കയുടെ പരാതി പരിഗണിക്കുന്ന ജഡ്ജിമാരുടെ പാനലാണ് ഉത്തരവിട്ടത്.
ഗാസയിലെ ജനങ്ങൾക്ക് വേണ്ട അടിയന്തര സേവനങ്ങളും മാനുഷിക സഹായങ്ങളും മരുന്നുകളും ഐക്യരാഷ്‌ട്ര സംഘടനയുടെ സഹകരണത്തോടെ യഥാസമയം എത്തിക്കുന്നത് ഇസ്രയേൽ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സഹായ വിതരണം തടസപ്പെടുത്തുന്നില്ലെന്നാണ് ഇസ്രയേലിന്റെ വാദം. കരമാർഗം സഹായങ്ങൾ വിതരണം ചെയ്യുന്ന ട്രക്കുകളെ ഇസ്രയേൽ ആക്രമിക്കുന്നതായി ആരോപണമുണ്ട്. കരമാർഗമുള്ള സഹായ വിതരണം ഫലപ്രദമല്ലാത്തതിനാൽ യു.എസ് അടക്കമുള്ള രാജ്യങ്ങൾ പാരഷൂട്ടിന്റെ സഹായത്താൽ ഭക്ഷണ പാക്കുകൾ വിമാനത്തിൽ നിന്ന് ഗാസയിലേക്ക് എയർഡ്രോപ് ചെയ്യുന്നുണ്ട്. 32,600ലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.