pic

ജോഹന്നസ്ബർഗ്: 45 പേരുടെ ജീവനെടുത്ത ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് 8 വയസുകാരി. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. മോറിയ നഗരത്തിലെ ഈസ്റ്റർ പരിപാടിയിൽ പങ്കെടുക്കാൻ അയൽരാജ്യമായ ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗാബറോണിയിൽ നിന്ന് തീർത്ഥാടകരുമായി പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച വടക്കു - കിഴക്കൻ ലിംപോപോ പ്രവിശ്യയിൽ മോക്കോപേൻ, മാർക്കൻ പട്ടണങ്ങൾക്കിടെയിലുള്ള പാലത്തിലൂടെ സഞ്ചരിക്കവെ നിയന്ത്രണംതെറ്റിയ ബസ് 165 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് പതിച്ചു. പാലത്തിന്റെ ബാരിയർ തകർത്ത് താഴേക്ക് വീണ ബസിൽ തീപിടിത്തവുമുണ്ടായി.

ഒമ്പതെണ്ണം ഒഴികെ ബാക്കി മൃതദേഹങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്ത വിധമാണെന്ന് അധികൃതർ പറയുന്നു. രക്ഷപ്പെട്ട പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റെങ്കിലും നില തൃപ്തികരമാണ്. ബസ് താഴേക്ക് മറിയുന്നതിനിടെ പെൺകുട്ടി ജനാലയിലൂടെ പുറത്തേക്ക് തെറിച്ചുവീണതിനാലാണ് ജീവൻ തിരികെ കിട്ടിയതെന്ന് കരുതുന്നു. ആശുപത്രിയിൽ കഴിയുന്ന കുട്ടിക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ഭരണകൂടം പ്രതികരിച്ചു.