
ലക്നൗ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് 21 റൺസിന് പഞ്ചാബ് കിംഗ്‌സിനെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനാകാതെ മറുപടിക്കിറങ്ങിയ പഞ്ചാബിന്റെ വെല്ലുവിളി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178ൽ അവസാനിച്ചു. ഓപ്പണർമാരായ ക്യാപ്ടൻ ശിഖർ ധവാനും (70), ജോണി ബെയർസ്റ്റോയും (42) മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. 11.4 ഓവറിൽ ഇരുവരും 102 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബെയർസ്റ്റോയെ സ്റ്റോയിനിസിന്റെ കൈയിൽ ഒതുക്ക അരങ്ങേറ്റക്കാരൻ മായങ്ക് യാദവാണ് കൂട്ടുകെട്ട് തകർത്തത്.
തുട
ർന്ന് റൺറേറ്റ് താന്നതും തുടർച്ചയായി വിക്കറ്റുകൾ വീണതും പഞ്ചാബിന് പാരയാവുകയായിരുന്നു. 3 വിക്കറ്റ് വീഴ്ത്തിയ മായങ്കും 2 വിക്കറ്റ് വീഴ്ത്തിയ മൊഹ്‌സീനുമാണ് പഞ്ചാബിന്റെ കുതിപ്പ് തടഞ്ഞത്. മായങ്കാണ് കളിയിലെ താരം .
155.8
കിലോമീറ്റർ സ്പീഡിൽ വരെപന്തെറിഞ്ഞ മായങ്ക് പഞ്ചാബ് ബാറ്റർമാരെപ്രതിസന്ധിയിലാക്കി. 4 ഓവറിൽ 27 റൺസ് നൽകിയാണ് മായങ്ക് ഐപി.എൽ അരങ്ങേറ്റം 3 വിക്കറ്റ് തിളക്കത്തിൽ ഗംഭീരമാക്കിയത്.
നേരത്തേ ക്വിന്റൺ ഡികോക്ക്(54), നിക്കോളാസ് പുരാൻ (46), ക്രുനാൽ പാണ്ഡ്യ (43 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് ലക്നൗവിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
സ്ഥിരം നായകൻ കെ.എൽ രാഹുലിനെ ഇംപാക്ട് പ്ളേയറാക്കിയതിനാൽ വിൻഡീസ് താരം നിക്കോളാസ് പുരാനാണ് ഇന്നലെ ലക്നൗവിനെ നയിച്ചിറങ്ങിയത്. ടോസ് നേടിയ പുരാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഒരറ്റത്ത് ക്വിന്റൺ ഡികോക്ക് തുടക്കം മുതൽ തകർത്തടിച്ചപ്പോൾ കെ.എൽ രാഹുലിനെ (9) നാലാം ഓവറിൽ ടീം സ്കോർ 35ൽ നിൽക്കെ നഷ്ടമായി. അർഷ്ദീപിന്റെ പന്തിൽ ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്. തുടർന്നിറങ്ങിയ ദേവ്ദത്ത് പടിക്കലും (9), മാർക്കസ് സ്റ്റോയ്നിസും (19)കൂടി കൂടാരം കയറിയതോടെ ലക്നൗ 8.4 ഓവറിൽ 78/3 എന്ന നിലയിലായി.
നാലാം വിക്കറ്റിൽ ഒരുമിച്ച ഡികോക്കും പുരാനും ചേർന്നാണ് ടീമിനെ കരകയറ്റിയത്. 13 ഓവർ പൂർത്തിയായപ്പോൾ 125/3 എന്ന നിലയിലായിരുന്നു ലക്നൗ. അടുത്ത ഓവറിന്റെ ആദ്യ പന്തിൽതന്നെ ഡികോക്കിനെ അർഷ്ദീപ് തിരിച്ചയച്ചു. 38 പന്തുകളിൽ അഞ്ചു ഫോറുകളും രണ്ട് സിക്സുകളും അടക്കമാണ് ഡികോക്ക് ഈ സീസണിലെ തന്റെ ആദ്യ അർദ്ധസെഞ്ച്വറി നേടിയത്.16-ാംഓവറിൽ ടീം സ്കോർ 146ലെത്തിയപ്പോൾ പുരാനും കരയ്ക്ക് കയറി. 31 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സും പായിച്ച പുരാനെ കാഗിസോ റബാദ ക്ളീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് ആയുഷ് ബദോനിയെ(8) കൂട്ടുനിറുത്തി ക്രുനാൽ പാണ്ഡ്യ തകർത്തടിച്ചു. 19-ാം ഓവറിലാണ് ബദോനിയെയും രവി ബിഷ്ണോയ്‌യേയും (0) കറാൻ അടുത്തടുത്ത പന്തുകളിൽ മടക്കി അയച്ചത്. 22 പന്തുകൾ നേരിട്ട ക്രുനാൽ നാലു ഫോറും രണ്ട് സിക്സുകളും പായിച്ചു.