pic

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ ഏവരുടെയും പ്രിയപ്പെട്ട അംഗമാണ് ' വില്ലോ'. പ്രസിഡന്റ് ജോ ബൈഡന്റെയും പത്നി ജില്ലിന്റെയും വളർത്തുപൂച്ച. വളർത്തുനായ ആയ കമാൻഡർ വൈറ്റ് ഹൗസിലെ സീക്രട്ട് ഏജന്റുമാരെ കടിച്ച് വാർത്തകളിൽ നിറഞ്ഞത് ബൈഡന് തലവേദന സൃഷ്ടിച്ചിരുന്നു. എന്നാൽ നിരുപദ്രവകാരിയായ വില്ലോയെ എല്ലാവർക്കും ഇഷ്ടമാണ്.

ഇപ്പോഴിതാ വില്ലോയുടെ പേരിലെ ഒരു പുസ്തകം പുറത്തിറങ്ങാൻ പോവുകയാണ്. കുട്ടികൾക്ക് വേണ്ടിയുള്ള ഈ പുസ്തകം എഴുതിയിരിക്കുന്നത് ജിൽ ബൈഡനാണ്. ' വില്ലോ ദ വൈറ്റ് ഹൗസ് ക്യാറ്റ്' എന്ന പേരിലെ പുസ്തകം ജൂണിൽ പുറത്തിറങ്ങും. അതായത്, ബൈഡനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വീണ്ടും ഏറ്റുമുട്ടുന്ന നവംബറിലെ പ്രസിഡൻഷ്യൽ ഇലക്ഷന് വിരലിലെണ്ണാവുന്ന മാസങ്ങൾക്ക് മുമ്പ്.

ഗ്രേ റ്റാബി ഇനത്തിൽപ്പെട്ട ' വില്ലോ "യ്ക്ക് നാല് വയസുണ്ട്. ജില്ലിന്റെ ജന്മനാടായ പെൻസിൽവേനിയയിലെ വില്ലോ ഗ്രോവിൽ നിന്നാണ് പൂച്ചക്കുട്ടിയ്ക്ക് വില്ലോ എന്ന പേര് നൽകിയത്. 2020ൽ ഒരു പ്രചാരണ പരിപാടിയ്ക്കിടെയാണ് ബൈഡന് വില്ലോയെ ലഭിക്കുന്നത്. പെൻസിൽവേനിയയിൽ നിന്ന് വൈറ്റ് ഹൗസിലേക്കുള്ള വില്ലോയുടെ യാത്രയാണ് പുസ്തകത്തിലൂടെ ജിൽ പറയുന്നത്.

നിലവിൽ വൈറ്റ് ഹൗസിലുള്ള ഏക വളർത്തുമൃഗമാണ് വില്ലോ. ആളുകളെ കടിക്കുന്ന സ്വഭാവം മൂലം ജർമ്മൻ ഷെപ്പേഡ് ഇനത്തിലെ നായകളായ കമാൻഡറേയും മേജറേയും വൈറ്റ് ഹൗസിൽ നിന്ന് ബൈഡൻ മാറ്റിനിറുത്തിയിരിക്കുകയാണ്. ബൈഡന്റെ പ്രിയപ്പെട്ട വളർത്തുനായ ആയ ചാംപ് 2021ൽ 13ാം വയസിൽ വിടപറഞ്ഞിരുന്നു.

വൈറ്റ് ഹൗസിലെ മുറികളിലെല്ലാം കയറി ഇറങ്ങുന്ന വില്ലോ എല്ലാ കാര്യങ്ങളും പെട്ടെന്ന് പഠിക്കുമെന്ന് ജിൽ ബൈഡൻ പറയുന്നു. എലിസ സാറ്റിൻ കാപുചിലിയുമായി ചേർന്നാണ് ജിൽ പുസ്തകം തയാറാക്കിയിരിക്കുന്നത്. മുൻ പ്രഥമ വനിതകളായ ഹിലരി ക്ലിന്റണും ബാർബറ ബുഷും അവരുടെ വളർത്തുമൃഗങ്ങളെ പറ്റിയുള്ള പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ബൈഡന് മുന്നേ ജോർജ് ഡബ്ല്യൂ ബുഷ് ആണ് വൈറ്റ് ഹൗസിൽ പൂച്ചയെ വളർത്തിയിരുന്നത്. ഇന്ത്യ എന്നായിരുന്നു ആ പൂച്ചക്കുട്ടിയുടെ പേര്. 1830കളിൽ ആൻഡ്രൂ ജാക്സണ് ശേഷം വൈറ്റ് ഹൗസിൽ മൃഗങ്ങളെ വളർത്താതിരുന്ന ഏക പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്.