
155.8 കി.മീ വേഗത്തിൽ പന്തെറിഞ്ഞ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ യുവപേസർ മായാങ്ക് യാദവ്
കഴിഞ്ഞ രാത്രി ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 199/8 എന്ന സ്കോർ ചെയ്യാനിറങ്ങിയ പഞ്ചാബ് കിംഗ്സ് 11 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 101 റൺസ് എന്ന നിലയിലായിരുന്നു. തങ്ങൾ ഈസിയായി ജയിക്കുമെന്ന് പഞ്ചാബിന്റെ ആരാധകർ കരുതിയിരിക്കുമ്പോഴാണ് 12-ാം ഓവറിൽ മായാങ്ക് യാദവ് എന്ന 21കാരൻ പേസ് ബൗളർ ഇടിത്തീയായി അവർക്ക് മേൽ പതിക്കുന്നത്. മായാങ്കിന്റെ രണ്ടാമത്തെ ഓവറായിരുന്നു അത്.
ആദ്യ ഓവറിൽ 10 റൺസ് വഴങ്ങിയ മായാങ്ക് പക്ഷേ രണ്ടാം ഓവർ മുതൽ ആളാകെ മാറിയിരുന്നു. അതുവരെ ആഞ്ഞടിച്ചിരുന്ന ബെയർ സ്റ്റോയും ശിഖർ ധവാനും അതിവേഗത്തിൽ കുത്തിയുയർന്ന മായാങ്കിന്റെ പന്തുകൾക്ക് മുന്നിൽ പതറി. ഇടയ്ക്ക് മണിക്കൂറിൽ 155.8 കി.മീ വേഗത്തിൽ പാഞ്ഞുവന്ന ഒരു പന്ത് ധവാനെ ഞെട്ടിച്ചു. 12-ാം ഓവറിൽ ബെയർസ്റ്റോയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച മായാങ്കിന്റെ പന്ത് ഉയർന്നു പൊങ്ങി സ്റ്റോയ്നിസിന്റെ കയ്യിൽ. പഞ്ചാബിന് നഷ്ടമായ ആദ്യ വിക്കറ്റ്. 14-ാം ഓവറിൽ പ്രഭ്സിമ്രാൻ സിംഗിനെയും (19) 16-ാം ഓവറിൽ ജിതേഷ് ശർമ്മയേയും (6) കൂടി മായാങ്ക് കൂടാരം കയറ്റിയതോടെ പഞ്ചാബ് 139/3 എന്ന നിലയിൽ. അതോടെ അതുവരെ പഞ്ചാബ് ആർജിച്ച വീര്യമെല്ലാം ചോർന്നു. മായാങ്ക് നൽകിയ ഉൗർജത്തിൽ നിന്ന് മറ്റ് ലക്നൗ ബൗളർമാരും ആവേശംകൊണ്ടപ്പോൾ മത്സരത്തിൽ പഞ്ചാബ് 178/5ൽ അവസാനിച്ചു. ലക്നൗ 21 റൺസിന് ജയിച്ചു. സീസണിലെ ലക്നൗവിന്റെ ആദ്യ ജയം.
തന്റെ ആദ്യ ഐ.പി.എൽ മത്സരത്തിനിറങ്ങിയ മായാങ്ക് യാദവ് എന്ന ഡൽഹിക്കാരൻ പയ്യൻ അതോടെ സ്റ്റാറായി. മാൻ ഒഫ് ദ മാച്ച് പുരസ്കാരവും അവനെത്തേടിയെത്തി.നാലോവറിൽ 27 റൺസ് വഴങ്ങിയാണ് മായാങ്ക് പഞ്ചാബിന്റെ ആദ്യ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തിന് ഉടമയുമായി. ഒരേയൊരു ഫസ്റ്റ്ക്ളാസ് മത്സരത്തിന്റെ അനുഭവപരിചയവുമായി രണ്ട് കൊല്ലം മുമ്പ് ലക്നൗവിന്റെ കൂടാരത്തിലെത്തിയതാണ് മായാങ്ക്. അന്ന് ടീം മെന്ററായിരുന്ന ഗൗതം ഗംഭീറാണ് മായാങ്കിനെ സെലക്ഷൻ ട്രയൽസിൽ നിന്ന് ഒപ്പം കൂട്ടിയത്. അതിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സിന്റെയും ഡൽഹി ക്യാപ്പിറ്റൽസിന്റെയും ട്രയൽസിൽ മായാങ്ക് പങ്കെടുത്തിത്തിരുന്നു. അവസരം കിട്ടിയില്ല. ആദ്യ സീസണിൽ മായാങ്കിന് കളിക്കാൻ അവസരം ലഭിച്ചില്ല. രണ്ടാം സീസണിൽ പരിക്ക് മൂലം കളിക്കാൻ പറ്റിയില്ല. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന പോലെ മൂന്നാമത്തെ സീസണിൽ മായാങ്ക് ആദ്യ പന്തെറിഞ്ഞു, അത് ചരിത്രവുമായി.
155.8
ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന രണ്ടാമത്തെ ഇന്ത്യൻ പേസറാണ് മായാങ്ക്. 157 കി.മിയിൽ എറിഞ്ഞിട്ടുള്ള ഉമ്രാൻ മാലിക്കിനാണ് ഒന്നാം സ്ഥാനം.
മായാങ്കിന്റെ വേഗവും കൃത്യതയും സത്യത്തിൽ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഇന്ത്യൻ ടീമിലേക്കൊരു മുതൽക്കൂട്ടാണവൻ -
ശിഖർ ധവാൻ