kejriwal

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിൾ കമ്പനിയുടെ സഹായം തേടി ഇ ഡി. ഫോണിന്റെ പാസ്‌വേഡ് കേജ്‌രിവാൾ നൽകുന്നില്ലെന്നും അതിനാലാണ് കമ്പനിയെ സമീപിച്ചതെന്നുമാണ് ഇ ഡി നൽകുന്ന വിശദീകരണം.

കേസിൽ കേജ്‌രിവാളിനെയും ആം ആദ്‌മി പാർട്ടിയെയും പൂട്ടാൻ കൂടുതൽ തെളിവുകൾ തേടുന്ന ഇ ഡിക്ക് ഇതുവരെ ഇലക്ട്രോണിക് തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കമ്പ്യൂട്ടറുകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും വിലപ്പെട്ട തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് മറികടക്കാനാണ് ഇ ഡിയുടെ നീക്കം. ഇ ഡി പറയുന്ന ഫോൺ ഒരുവർഷം മുമ്പ് മാത്രമാണ് താൻ ഉപയോഗിച്ചതെന്നും മദ്യനയ അഴിമതി നടന്നുവെന്ന് പറയുന്ന സമയത്ത് മറ്റൊരു ഫോണാണ് ഉപയോഗിച്ചിരുന്നതെന്നുമാണ് കേജ്‌രിവാൾ പറയുന്നത്. എന്നാൽ ഇക്കാര്യം ഇ ഡി മുഖവിലയ്ക്ക് എടുത്തിട്ടില്ല. കേജ്‌രിവാൾ ഉപയോഗിച്ചിരുന്ന നാല് മൊബൈൽഫോണുകൾ ഇ ഡി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതിനിടെ ഫോൺ പരിശോധിക്കുന്നത് പാർട്ടി രഹസ്യങ്ങൾ ചോർത്താൻവേണ്ടിയാണെന്ന് ആരോപിച്ച് ആം ആദ്‌മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യങ്ങളുമുൾപ്പടെ പാർട്ടി രഹസ്യങ്ങൾ മുഴുവൻ ചോർത്തുകയാണ് പിന്നിലെ ലക്ഷ്യമെന്നും അവർ പറയുന്നു. ബിജെപിയുടെ രാഷ്ട്രീയ ആയുധമായി ഇ ഡി പ്രവർത്തിക്കുന്നുണ്ടെന്നും അരവിന്ദ് കേജ്‌രിവാളിന്റെ ഫോണിൽ നിന്ന് എഎപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിശദാംശങ്ങൾ ലഭിക്കാൻ കുതന്ത്രങ്ങൾ പുറത്തെടുക്കുന്നു എന്നും മുതിർന്ന എഎപി നേതാവ് അതിഷി നേരത്തേ ആരോപിച്ചിരുന്നു.

അതേസമയം കേജ്‌രിവാളിനെ ചോദ്യംചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ദിവസം അഞ്ചുമണിക്കൂറോളമാണ് ചോദ്യംചെയ്യുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുതന്നെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഇ ഡിയുടെ ശ്രമം. എന്നാൽ നിർണായക തെളിവുകൾ എന്തെങ്കിലും ലഭിച്ചോ എന്ന് ഇപ്പോഴും വ്യക്തമല്ല.