case

തിരുവല്ല: അഭയ കേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ 16 കാരന് ക്രൂരമർദ്ദനമേറ്റെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളറട കൂത്താടി സ്നേഹഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവരെയാണ് പ്രതിചേർത്തത്. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട മേപ്രാൽ അമ്പലത്തുംപറമ്പിൽ സ്വദേശിനിയാണ് പരാതി നൽകിയത്.

കുട്ടിയെ 2023 ജൂൺ 27നാണ് സ്നേഹ ഭവനിൽ എത്തിച്ചത്. ക്രിസ്തുമസിനോടനുബന്ധിച്ച് വീട്ടിൽ എത്തിച്ച കുട്ടിയുടെ ശരീരത്തിൽ വടി ഉപയോഗിച്ച് മർദ്ദിച്ചതിന്റെ ചില പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ അനുസരണക്കേടിന്റെ ഭാഗമായി അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു.

തുടർന്ന് വീണ്ടും സ്നേഹഭവനിൽ എത്തിച്ച കുട്ടിയെ ഈസ്റ്ററിനോടനുബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴാണ് ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകൾ കണ്ടത്. തുടർന്ന് മാതാവ് കുട്ടിയോട് വിവരങ്ങൾ തിരക്കി. കുട്ടിയിൽ നിന്നും കൃത്യമായ വിവരം ലഭിക്കാത്തതിനെത്തുടർന്ന് സ്നേഹഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഷീജയെ ഫോണിൽ ബന്ധപ്പെട്ടു. ഈ മാസം ഏഴിന് കുട്ടി കോൺവെന്റിൽ നിന്നും ഇറങ്ങിയോടി സമീപത്തെ ഒരു വീട്ടിൽ കയറിയെന്നും വീട്ടുടമസ്ഥയായ വയോധിക വടികൊണ്ട് കുട്ടിയെ മർദ്ദിച്ചതാണെന്നും പ്രിൻസിപ്പൽ മറുപടി നൽകി.

വീട്ടിലെത്തിയശേഷം ഈ വിവരം കുട്ടിയുടെ അടുത്ത ബന്ധുവായ തിരുവനന്തപുരം സ്വദേശിയെ മാതാവ് അറിയിച്ചു. ബന്ധു പ്രിൻസിപ്പലിനെ ഫോണിൽ ബന്ധപ്പെട്ട് മർദ്ദിച്ച വയോധികയുടെ മേൽവിലാസം ചോദിച്ചു. ഇതോടെ കുട്ടിയെ താനാണ് മർദ്ദിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെ പ്രിൻസിപ്പൽ സിസ്റ്റർ ഷീജയും മറ്റ് രണ്ട് സിസ്റ്റർമാരും കുട്ടിയുടെ മേപ്രാലിലെ വീട്ടിലെത്തി. ഇവിടെ എത്തിയ ശേഷമാണ് കുട്ടിയെ മർദ്ദിച്ചത് കോൺവെന്റിന്റെ ചുമതലയുള്ള സിസ്റ്റർ റോസി ആണെന്ന് തുറന്നുസമ്മതിച്ചത്.

കുട്ടിയുടെ ശരീരത്തിലെ പാടുകൾ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പ്രകാരം മെഡിക്കൽ ഓഫീസർ എസ് ശാലിനി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പുളിക്കീഴ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി കുട്ടിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.