bathroom

ഇടുക്കി: ഉടുമ്പഞ്ചോലയിൽ അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ. അച്ചക്കട കരയിൽ സ്വദേശി ദിലീപ് കുമാർ (36 ) ആണ് പിടിയിലായത്. കമ്പംമേട്ട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം തുടർച്ചയായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ദിലീപിനെ പിടികൂടാനായത്. ബാത്ത് റൂമിൽ സൂക്ഷിച്ചിരുന്ന വാറ്റുപകരണങ്ങളും പരിശോധനയിൽ കണ്ടെത്തി.

എക്സൈസ് ഇൻസ്പെക്ടർ കെ വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി ജി രാധാകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ ഷനേജ് കെ, നൗഷാദ് എം, സിവിൽ എക്സൈസ് ഓഫീസർ സോണി തോമസ്‌, വനിത സിവിൽ എക്സൈസ് ഓഫീസർ രേഖ ജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിലേഷ് വി പി എന്നിവരും പങ്കെടുത്തു. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

മറ്റൊരു സംഭവത്തിൽ 13.5 ലിറ്റർ മദ്യവുമായി ഹണി അലി എന്ന വിളിപേരിൽ അറിയപ്പെടുന്ന അലി ഹൈദ്രോസ് കാരിക്കോട് വച്ച് എക്‌സൈസ് പിടിയിലായി. ഫോൺ വിളിച്ചാൽ ബൈക്കിൽ ആവശ്യക്കാർക്ക് ആവശ്യാനുസരണം മദ്യം എത്തിച്ചുകൊടുത്താണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. എക്സൈസ് പൊലീസ് പരിശോധനനകളിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ വ്യാജ നമ്പർ പ്ളേറ്റ് പതിച്ച വാഹനങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്.

ഇയാളുടെ പക്കൽ നിന്നും 13.5 ലിറ്റർ മദ്യവും, ഹോണ്ട ഡിയോ സ്കൂട്ടർ, മദ്യ വില്പന നടത്തി കിട്ടിയ 3000 രൂപ എന്നിവ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്നത്തുനാട് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി ബി രഞ്ചുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, അമൽ മോഹനൻ, എ ബി സുരേഷ് എന്നിവർ പങ്കെടുത്തു.