
ചെറിയ കാലയളവ് കൊണ്ട് മികച്ച വരുമാനം നേടുന്ന നിക്ഷേപപദ്ധതിയെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. നിക്ഷേപിക്കുന്നത് എത്ര ചെറിയ തുകയായാലും പലിശയിനത്തിൽ തരക്കേടില്ലാത്ത വരുമാനം പ്രതിമാസമോ അല്ലെങ്കിൽ പ്രതിവർഷമോ ലഭിക്കുകയാണെങ്കിൽ ഭാവി സുരക്ഷിതമാക്കാവുന്നതാണ്. സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും പലതരത്തിലുളള നിക്ഷേപപദ്ധതികൾ വിവിധ ബാങ്കുകളിലും തപാൽവകുപ്പിലും ഇന്ന് നിലവിലുണ്ട്. പക്ഷെ അവയൊക്കെ കൃത്യമായി മനസിലാക്കി നിക്ഷേപങ്ങൾ നടത്തുമ്പോഴാണ് മികച്ച വരുമാനം ലഭിക്കുന്നത്.
തപാൽവകുപ്പ് സ്ത്രീകൾക്കായി ഒരുക്കിയിരിക്കുന്ന ഒരു മികച്ച നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എംഎസ്എസ്സി). ഒറ്റത്തവണ ആയിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങൾ ഈ പദ്ധതിയിലൂടെ ചെയ്യാവുന്നതാണ്. രണ്ട് വർഷത്തെ കാലാവധിയാണ് ഈ പദ്ധതിക്കുളളത്. പണം പിൻവലിക്കുമ്പോൾ പലിശയിനത്തിൽ മികച്ച തുക സ്ത്രീകൾക്ക് സ്വന്തമാക്കാൻ സാധിക്കും. 7.5 ശതമാനം പലിശ നിരക്കിലാണ് വരുമാനം ലഭിക്കുന്നത്. ഒന്നുകിൽ പലിശ മൂന്ന് മാസത്തിലൊരിക്കലോ അല്ലെങ്കിൽ പദ്ധതിയുടെ കാലയളവ് അവസാനിക്കുമ്പോഴോ ഒന്നിച്ചോ ലഭിക്കും. ഏത് വേണമെന്ന് നിക്ഷേപകയ്ക്ക് തീരുമാനിക്കാവുന്നതാണ്.
സ്ത്രീകൾക്കൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും രക്ഷിതാക്കളുടെ സഹായത്തോടെ പദ്ധതിയിൽ ചേരാൻ സാധിക്കും. പദ്ധതിയിൽ ചേർന്ന് ഒരു വർഷം പൂർത്തിയായാൽ നിക്ഷേപ തുകയുടെ 40 ശതമാനം അക്കൗണ്ട് ഉടമയ്ക്ക് പിൻവലിക്കാവുന്നതാണ്. അല്ലെങ്കിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഉദാഹരണത്തിന് അക്കൗണ്ട് ഉടമയ്ക്കോ രക്ഷിതാവിനോ എന്തെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വന്നാൽ മതിയായ തെളിവുകൾ ഹാജരാക്കി പണം പിൻവലിക്കാവുന്നതാണ്. പദ്ധതിയിൽ 50,000 രൂപ, ഒരു ലക്ഷം, ഒന്നര ലക്ഷം, രണ്ട് ലക്ഷം തുടങ്ങിയ നിക്ഷേപങ്ങൾ നടത്തുകയാണെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന വരുമാനം എത്രയാണെന്ന് നോക്കാം,
1. 50,000 രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ പലിശയിനത്തിൽ മാത്രം 8,011 രൂപ ലഭിക്കും. പദ്ധതി അവസാനിക്കുമ്പോൾ നിക്ഷേപകയ്ക്ക് 58,011 രൂപ ലഭിക്കും.
2. ഒരു ലക്ഷത്തിന്റെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ പലിശയിനത്തിൽ 16,022ലഭിക്കും. പദ്ധതി അവസാനിക്കുമ്പോൾ നിക്ഷേപകയ്ക്ക് 1,16,022 രൂപ ലഭിക്കും.
3. ഒന്നര ലക്ഷത്തിന്റെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ പലിശയിനത്തിൽ മാത്രം 24,033 രൂപ ലഭിക്കും. പദ്ധതി അവസാനിക്കുമ്പോൾ നിക്ഷേപകയ്ക്ക് 1,74,033 ലഭിക്കും.
4. രണ്ട് ലക്ഷത്തിന്റെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ പലിശയിനത്തിൽ മാത്രം 32,044 രൂപ ലഭിക്കും. പദ്ധതി അവസാനിക്കുമ്പോൾ നിക്ഷേപകയ്ക്ക് 2,32,044 ലഭിക്കും.