
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വീറും വാശിയും ഉയർന്ന തൃശൂർ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ആവേശം കൊട്ടിക്കയറുകയാണ്. തൃശൂർ ഭാഷയിൽ പറഞ്ഞാൽ മൂന്നുപേരും 'കട്ടയ്ക്ക് കട്ടയ്ക്ക്'. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുവട്ടം വന്നതും ടി.എൻ. പ്രതാപനെ മാറ്റി വമ്പൻ ട്വിസ്റ്റിൽ കെ. മുരളീധരനെത്തിയതുമെല്ലാം ത്രികോണപ്പോരിന് കടുപ്പം കൂട്ടി. ആരു ജയിക്കും എന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം പറയാനാകില്ലെന്ന് ചുരുക്കം.
പ്ളസും മൈനസും അടിയൊഴുക്കുകളുമെല്ലാം മൂന്ന് മുന്നണികൾക്കുള്ള വോട്ടുകളിലും തെളിഞ്ഞും തെളിയാതെയും കിടപ്പുണ്ട്. ക്ഷേത്രങ്ങളും മുസ്ലിം - ക്രിസ്ത്യൻ പള്ളികളും ആശ്രമങ്ങളും മഠങ്ങളുമെല്ലാം കയറിയിറങ്ങി വോട്ടുറപ്പാക്കാൻ ആദ്യം മുതൽക്കേ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടായിരുന്നു. അതിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തം. മത സാമുദായിക പിന്തുണയില്ലാതെ തൃശൂരിൽ ആർക്കും പിടിച്ചുകയറാനാകില്ലെന്ന വിശ്വാസത്തിലാണ് മുന്നണി നേതൃത്വങ്ങൾ. ഏതാണ്ട് 35 ശതമാനമുണ്ടെന്ന് കരുതുന്ന ക്രിസ്ത്യൻ വോട്ടുകളിൽ ഒരു കണ്ണുവയ്ക്കുമ്പോഴും മറുകണ്ണിൽ പിന്നാക്ക, ന്യൂനപക്ഷ വോട്ടുകളുമുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപേ സുരേഷ് ഗോപി, ലൂർദ്ദ് മാതാവിന് കിരീടം സമർപ്പിച്ചതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങൾ തൃശൂരിൽ അലയടിച്ചതും മറ്റൊന്നും കൊണ്ടല്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറും യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനും ക്രൈസ്തവ വോട്ടുറപ്പിക്കാൻ ആ മേഖലയിൽ പ്രചാരണം കൊഴുപ്പിച്ചു. മത മേലദ്ധ്യക്ഷൻമാർ പറഞ്ഞാൽ വിശ്വാസികൾ വോട്ടു ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു പോയെന്നാണ് അരമനകളോട് അടുപ്പമുള്ളവർ പോലും പറയുന്നത്. മണിപ്പൂരിലും മറ്റും അവർ നേരിടുന്ന പ്രശ്‌നങ്ങൾ പ്രതിഫലിക്കുമെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും കരുതുന്നത്. എന്നാൽ, മോദിയുടെ ഗ്യാരന്റിയിലാണ് എൻ.ഡി.എ.യുടെ ആശ്വാസം.
അടിത്തട്ടിലെ ഒഴുക്ക്
ലീഡർ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിനെത്തുടർന്ന് കോൺഗ്രസ് പ്രതിരോധത്തിലായപ്പോൾ മറികടക്കാനാണ് കെ. മുരളീധരനെ രംഗത്തിറക്കിയത്. കോൺഗ്രസ് വോട്ടുകൾ നേടാനുള്ള ബി.ജെ.പി തന്ത്രത്തെ ചെറുക്കാമെന്നായിരുന്നു പാർട്ടിയുടെ വിശ്വാസം. തൊഴുത്തിൽക്കുത്തും മറ്റും കുറയുമെന്നായിരുന്നു കരുതിയത്. പക്ഷേ, പാവറട്ടിയിലും വടക്കാഞ്ചേരിയിലുമെല്ലാം ഗ്രൂപ്പ് തിരിഞ്ഞ് നിന്നതിൽ നേതൃത്വത്തിന് ആശങ്കയുണ്ടാക്കി. താഴെ തട്ടിലുള്ള പ്രവർത്തകർ ആവേശത്തോടെ രംഗത്തിറങ്ങുന്നില്ലെന്ന് സ്വയം വിമർശനവും അവർക്കുണ്ട്. എന്നാൽ ലീഡറുടെ മകനെന്ന പരിഗണനയും ന്യൂനപക്ഷ മുന്നാക്ക സമുദായ വോട്ട് കൂടുതൽ നേടുമെന്ന പ്രതീക്ഷയുമാണ് യു.ഡി.എഫിനെ മുന്നോട്ട് നയിക്കുന്നത്.
വി.എസ്. സുനിൽകുമാറിന്റെ ജനകീയമുഖവും കൃഷിമന്ത്രിയായിരിക്കെയുള്ള മികച്ച പ്രവർത്തനവും താഴെത്തട്ടിലുള്ള പ്രവർത്തകരോടുള്ള ഇടപെടലും പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും മൂന്ന് തവണ എം.എൽ.എ ആയതിന്റെ പ്രതിച്ഛായയുമെല്ലാം അദ്ദേഹത്തെ തുണയ്ക്കുമെന്നതിൽ സംശയമില്ല. പക്ഷേ, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളിൽ ഇ.ഡി അന്വേഷണം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇടതുനേതൃത്വത്തിനുണ്ട്. സി.പി.ഐയ്ക്കുള്ളിൽ മുൻപ് ഉണ്ടായിരുന്ന അസ്വാരസ്യങ്ങളിലും നേതൃത്വം ജാഗ്രത പുലർത്തുന്നുണ്ട്.
മോദിയുടെ ഗ്യാരന്റി
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന വാഗ്ദാനവും മോദിയുടെ ഗ്യാരന്റിയുമാണ് എൻ.ഡി.എ തുടക്കം മുതൽ മുന്നോട്ടുവയ്ക്കുന്നത്. അഭിനേതാവിന്റെയും ജീവകാരുണ്യ പ്രവർത്തകന്റെയും മുഖവും കേന്ദ്രസർക്കാർ പദ്ധതികളും പൂരപ്രേമികളുടെ പിന്തുണയും പത്മജയുടെ ബി.ജെ.പി പ്രവേശവുമെല്ലാം തുണയ്ക്കുമെന്ന് അവർ കരുതുന്നു. പക്ഷേ, താഴെത്തട്ടിൽ പ്രവർത്തകർ സജീവമാകുന്നില്ലെന്ന പരാതി അദ്ദേഹം നേരിട്ടു തന്നെ വ്യക്തമാക്കിയിരുന്നു. വീടുവീടാന്തരമുള്ള പ്രവർത്തനത്തിൽ ബി.ജെ.പി പ്രവർത്തകർ ഇറങ്ങിയില്ലെങ്കിൽ ഫലം അനുകൂലമാകില്ല. ടി.എൻ. പ്രതാപന് പകരം കെ. മുരളീധരൻ രംഗത്തിറങ്ങിയതിലും ആശങ്ക ശേഷിക്കുന്നുണ്ട്.
പൂരം കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് പൂരം
ഏപ്രിൽ 19നാണ് തൃശൂർ പൂരം. ഒരാഴ്ച കഴിഞ്ഞാൽ തിരഞ്ഞെടുപ്പും. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെയും പൂര പ്രേമികളുടെയും പിന്തുണയും നിർണ്ണായകമാകും. പെരുന്നാളിനും പൂരങ്ങൾക്കുമെല്ലാം എഴുന്നെള്ളത്തിനും വെടിക്കെട്ടിനുമുള്ള അനുമതി ലഭ്യമാകാതെ വരുമ്പോൾ, എൽ.ഡി.എഫിനെതിരെ യു.ഡി.എഫും എൻ.ഡി.എയും തിരിയാറുണ്ട്. കേന്ദ്രസർക്കാരിന്റെ വകുപ്പുകളാണ് തടസം നിൽക്കുന്നതെങ്കിൽ എൽ.ഡി.എഫും യു.ഡി.എഫും അത് ഏറ്റെടുക്കും. ഇതിലെല്ലാം സ്ഥാനാർത്ഥികളും മുന്നണിനേതൃത്വവും ജാഗ്രത പുലർത്തുന്നുണ്ട്. മുൻകാലങ്ങളിൽ തൃശൂർ പൂരം വെടിക്കെട്ടിനും എഴുന്നള്ളത്തിനുമുള്ള അനുമതി പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് പൂരവും നിർണ്ണായകം തന്നെ.