purakkad-sea

ആലപ്പുഴ: പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞു. രാവിലെ പത്ത് മുതലാണ് കടൽ ഉൾവലിയാൻ തുടങ്ങിയത്. ഇവിടെ ചെളി അടിഞ്ഞിട്ടുണ്ട്. പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു പ്രതിഭാസം ഉണ്ടായത്.


അന്ന് കടൽ ഉൾവലിഞ്ഞതിന് സമീപത്ത് നിന്ന് 30 മീറ്ററോളം വീതിയിലാണ് ഇത്തവണ ഈ പ്രതിഭാസം ഉണ്ടായത്. മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളിൽ മിക്കതും തിരിച്ചെത്തിയിട്ടുണ്ട്. ചെളി അടിഞ്ഞതിനാൽ ചില വള്ളങ്ങൾ തോട്ടപ്പള്ളി തീരത്താണ് അടുപ്പിച്ചത്.


റോസ്ബി വേവ് കാരണമായിരിക്കാമിങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു മുമ്പ് ഈ പ്രതിഭാസമുണ്ടായപ്പോൾ വിദഗ്ദർ പറഞ്ഞത്. അതേസമയം, 2004 ഡിസംബർ 26 ന് രാജ്യത്തെ നടുക്കിയ സുനാമി ഉണ്ടാകുന്നതിന് മുമ്പ് കടൽ ഉൾവലിഞ്ഞിരുന്നു. ശേഷം ശക്തമായി തിരമാല അടിക്കുകയായിരുന്നു ചെയ്തത്. അതിനാൽത്തന്നെ പ്രദേശവാസികൾ ആശങ്കയിലാണെന്നാണ് വിവരം.