
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിനെതിരെ ഇന്ത്യാ സഖ്യം നടത്തുന്ന ശക്തിപ്രകടന വേദിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആറ് സന്ദേശങ്ങൾ വായിച്ച് ഭാര്യ സുനിത. ഒരു കാരണവുമില്ലാതെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുന്നതെന്നും നീതിവേണമെന്നും സുനിത ആവശ്യപ്പെട്ടു.
ഒരു പുതിയ രാഷ്ട്ര നിർമ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലിൽ കഴിയുമ്പോഴും കേജ്‌രിവാളിന്റെ ചിന്ത രാജ്യത്തെക്കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറുംവാക്കല്ല. ഹൃദയമാണ്, ആത്മാവാണ്. നരേന്ദ്രമോദി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ സന്ദേശമെന്ന് സുനിത വ്യക്തമാക്കി.
ബിജെപി സർക്കാർ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അവർ പ്രധാന പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടയ്ക്കുന്നു. സംസ്ഥാനങ്ങളെ തകർത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഇന്ത്യയെ രക്ഷിക്കാനുളള തിരഞ്ഞെടുപ്പാകണം. ഇഡി,സിബിഐ, തുടങ്ങിയ ഏജൻസികളെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും രാഹുൽഗാന്ധി പറഞ്ഞു.
അതേസമയം, നരേന്ദ്രമോദിയുടെ ഉളളിൽ ഏകാധിപത്യം മാത്രമേയുളളൂവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. നരേന്ദ്രമോദി ജനാധിപത്യം ഇഷ്ടപ്പെടുന്നില്ലെന്നും കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷൻ എന്നോട് പ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കോൺഗ്രസിന്റെ പണം കളവ് പോയെന്ന് മറുപടി പറഞ്ഞതായും മല്ലികാർജുൻ ഖാർഗെ വേദിയിൽ പറഞ്ഞു.രാംലീല മൈതാനിയിൽ സംഘടിപ്പിച്ച ശക്തിപ്രകടന വേദിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ,സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേനാ നേതാവ് ഉദ്ധവ് താക്കറേ തുടങ്ങിയവരും പങ്കെടുത്തു.